പറഞ്ഞുകേട്ടതല്ല യാഥാർഥ്യം, ‘ബ്രഹ്മപുരത്ത് മാലിന്യമല’
text_fieldsകൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്ഥിരം സമിതി അധ്യക്ഷർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ബ്രഹ്മപുരം സന്ദർശിച്ചപ്പോൾ
കരിമുകൾ: കൊച്ചി കോർപറേഷന്‍റെയും വിവിധ നഗരസഭകളുടെയും മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്ന തരത്തിൽ ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ഭേദഗതി വരുത്തുമെന്ന് മേയർ അഡ്വ. വി.കെ. മിനിമോൾ. ഡെപ്യൂട്ടി മേയർ ദീപക് ജോയ്‌ക്കും സ്ഥിരം സമിതി അധ്യക്ഷന്മാർക്കുമൊപ്പം ബ്രഹ്മപുരം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ബ്രഹ്മപുരത്തെക്കുറിച്ച് പുറത്ത് പ്രചരിപ്പിച്ചതല്ല വാസ്തവമെന്നും യാഥാർഥ്യം മറ്റൊന്നാണെന്നും പറഞ്ഞ മേയറും സംഘവും ബ്രഹ്മപുരത്തിന്റെ യഥാർഥ മുഖം മറ്റൊന്നാണെന്നും എല്ലാം ഒന്നിൽനിന്ന് തുടങ്ങേണ്ട സാചര്യമാണെന്ന് ചൂണ്ടിക്കാട്ടി.
ബയോമൈനിങ് നടത്തി വീണ്ടെടുത്തെന്ന പറഞ്ഞ 104 ഏക്കർ സ്ഥലം നിലവിൽ പുഴയിൽ മുങ്ങിയ സ്ഥിതിയാണ്. ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തത്തിനുശേഷം മാലിന്യം ഒരു പ്രോസസിങ്ങും നടത്താതെ കൂട്ടിയിട്ടതിനാൽ പ്ലാസ്റ്റിക് മലയെക്കാൾ വലിയമല രൂപപ്പെട്ടു. പഴയ ഓഫിസ് കെട്ടിടവും രണ്ട് വേയ് ബ്രിഡ്ജ് അടക്കം ഏക്കറുകണക്കിന് സ്ഥലത്ത് ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്ന് മേയർ മാധ്യമങ്ങളെ ബോധ്യപ്പെടുത്തി.
ഇവിടങ്ങളിൽ ചളിയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൂടിക്കലർന്ന് മാലിന്യ മലയായി രൂപപ്പെട്ടു. ബി.പി.സി.എൽ സഹകരണത്തോടെ സ്‌ഥാപിച്ച സിബിജി പ്ലാന്റ് മാത്രമാണ് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത്. ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പാക്കേണ്ടി വരും. പുതിയ ഭരണസമിതിക്ക് കൈമാറിയപ്പോൾ എല്ലാം ഭംഗിയായിരുന്നു എന്ന പ്രചാരണം ഒഴിവാക്കാൻ വേണ്ടിയാണു മാധ്യമങ്ങളെയടക്കം യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതെന്നും മേയർ പറഞ്ഞു.
ബയോമൈനിങ് പൂർത്തീകരിച്ചെന്ന് മുൻ ഭരണസമിതി അവകാശവാദം ഉന്നയിക്കുമ്പോഴും രണ്ടര ലക്ഷം ടണ്ണോളം ഇനിയും പൂർത്തീകരിക്കാനുണ്ട്. പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണിത്. ഇത് പ്രോസസ് ചെയ്യാൻ സർക്കാർ സഹായമടക്കം ആവശ്യമായി വരും. സെപ്റ്റേജ് ടാങ്കും പുതുതായി നിർമിക്കേണ്ടി വരും. ബ്രഹ്മപുരം വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങൾക്കോ പകപോക്കലിനോ ഇല്ല, ബ്രഹ്മപുരത്തിന്റെ യഥാർഥ സ്‌ഥിതി മനസ്സിലാക്കി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടി വരുമെന്നും മേയർ പറഞ്ഞു. സ്ഥിരം കമ്മിറ്റി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, സീന ഗോകുലൻ, ടി.കെ. അഷ്റഫ്, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, സെക്രട്ടറി പി. എസ്. ഷിബു, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

