മുന്നറിയിപ്പില്ലാതെ ബോട്ട് സർവിസ് റദ്ദാക്കുന്നു, യാത്രികർക്ക് ദുരിതം
text_fieldsമട്ടാഞ്ചേരി: തിരക്കേറിയ വേളയിൽ യാത്രക്കാർ കാത്തുനിൽക്കെ മുന്നറിയിപ്പില്ലാതെ ബോട്ട് സർവിസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ വലക്കുന്നു. മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽനിന്നുള്ള സർവിസുകളാണ് വേലിയിറക്കത്തിന്റെ മറവിൽ ആകസ്മികമായി റദ്ദാക്കുന്നത്. ശനിയാഴ്ച രാവിലെ നിരവധി യാത്രികർ ബോട്ടിനായി കാത്തുനിന്നിരുന്നു. സർവിസ് റദ്ദാക്കിയതോടെ കാത്തുനിന്നവർ ബഹളം വെച്ചു.
ഒരു ദിവസം ആകെ 11 സർവിസ് മാത്രമാണ് ഈ ജെട്ടിയിൽനിന്നുള്ളത്. ബോട്ട് പ്രതീക്ഷിച്ച് കാത്തുനിന്ന ദിവസക്കൂലി ജോലിക്കാരായ യാത്രക്കാർക്ക് സമയത്തിന് ജോലിക്ക് എത്താൻ കഴിയാത്തതിനാൽ അരദിവസത്തെ കൂലി നഷ്ടപ്പെടാൻ ഇടയാക്കിയതായാണ് യാത്രക്കാർ പറയുന്നത്. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മറ്റ് മാർഗങ്ങൾ തേടുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. കോടികൾ ചെലവഴിച്ച് നവീകരിച്ച ജെട്ടി ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്.
ശരിയായ രീതിയിൽ കായലിൽ ഡ്രഡ്ജിങ് നടത്താതെയാണ് സർവിസ് ആരംഭിച്ചതെന്ന പരാതി തുടക്കം മുതൽ നാട്ടുകാർ ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞദിവസം കായലിൽ എക്കൽ രൂപപ്പെട്ടത്. ഇതോടെ വേലിയേറ്റ സമയത്ത് മാത്രമാണ് സർവിസ് നടത്തുന്നത്. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ സർവിസും നിർത്തിവെക്കുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
രാജ്യത്തുതന്നെ ആദ്യ പാസഞ്ചർ സർവിസ് ആരംഭിച്ച ജെട്ടികളിൽ ഒന്നായ മട്ടാഞ്ചേരി ജെട്ടി നവീകരണത്തിന്റെ പേരിൽ ഏഴുവർഷമാണ് പൂട്ടിയിട്ടിരുന്നത്. ടൂറിസം മേഖലയായതിനാൽ വിദേശികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ജെട്ടിയെ ആശ്രയിക്കുന്നത്. കോടികൾ മുടക്കി നവീകരിച്ചിട്ടും സർവിസ് നല്ല രീതിയിൽ നടത്താൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

