ചാരുംമൂട്: കാട്ടുപന്നി ഭയത്തിൽ പാലമേൽ ഗ്രാമം. ആക്രമണത്തിൽ മറ്റപ്പള്ളി സുമോദ് ഭവനത്തിൽ സോമൻ (57), മറ്റപ്പള്ളി ഷാജി ഭവനത്തിൽ ഷാജി (56) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തിന് പന്തളം ചന്തയിൽ വെറ്റില വിൽക്കാൻ പോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. മറ്റപ്പള്ളി കുളത്തുംതറ ജങ്ഷനിൽ വെച്ച് ഇവരെ അപ്രതീക്ഷമായി കാട്ടുപന്നി കൂട്ടം ആക്രമിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീണ ഇവരെ പന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം. രണ്ടു മാസമായി മറ്റപ്പള്ളി, ഉളവുക്കാട്, കാവുമ്പാട്, മുതുകാട്ടുകര, കുടശ്ശനാട്, മാമൂട് മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. സന്ധ്യ കഴിഞ്ഞാൽ വീടുവിട്ട് പുറത്തേക്ക് പോകാൻ നാട്ടുകാർക്ക് ഭയമാണ്. കാടുകയറി കിടക്കുന്ന മറ്റപ്പള്ളി തണ്ടർബോൾട്ട് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാട്ടുപന്നികളുടെ ആവാസ കേന്ദ്രം.
മൂന്നാഴ്ച മുമ്പ് വനംവകുപ്പും പഞ്ചായത്തും കൃഷിഭവനും കർഷകരും നാട്ടുകാരും ചേർന്ന് കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം ചേർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. രണ്ടാഴ്ച മുമ്പ് രണ്ട് കാട്ടുപന്നികളെ വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടിയെങ്കിലും അവ രക്ഷപ്പെട്ടിരുന്നു. ഇടവേള കൃഷികൾ കർഷകർ പാടെ ഉപേക്ഷിച്ച നിലയിലാണ്. കാട്ടുപന്നികളുടെ കാര്യത്തിൽ ഒരു തീരുമാനമായതിന് ശേഷമേ ഇനി കൃഷിയിറക്കൂവെന്നാണ് കർഷകരുടെ തീരുമാനം.