ബസുകളുടെ മത്സരയോട്ടവും അശ്രദ്ധയും; അധികൃതർ നിസ്സംഗതയിൽ
text_fieldsയാത്രക്കാരിയുമായി സംസാരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർ
മട്ടാഞ്ചേരി: സ്വകാര്യബസുകൾ അമിതവേഗതവും മത്സരയോട്ടവും തുടരുമ്പോഴും അധികൃതർ നിസ്സംഗതയിൽ. തോപ്പുംപടി ബി.ഒ.ടി പാലത്തിന് മുകളില്‍ അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ബുധനാഴ്ച മരിച്ചിരുന്നു. എറണാകുളത്ത് ബസുകളുടെ മത്സരയോട്ടത്തിൽ തോപ്പുംപടി മുണ്ടംവേലി സ്വദേശിനിയായ മേരി സനിതയെന്ന വീട്ടമ്മ മരിച്ചത് കഴിഞ്ഞമാസമാണ്.
ഡ്രൈവർമാർ യാത്രക്കാരിൽ ചിലരുമായി സംസാരിച്ച് ബസ് ഓടിക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ സംസാരിച്ച് ബസ് ഓടിച്ചു പോകവെ എതിരെ വന്ന സ്കൂട്ടർ യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിരത്തുകളെ കുരുതിക്കളങ്ങളാക്കി ബസുകൾ ചീറിപ്പായുമ്പോൾ അധികൃതർ വഴിപാട് പരിശോധന നടത്തി തങ്ങളുടെ കടമ തീർക്കുകയാണെന്നാണ് ആക്ഷേപം.
പടിഞ്ഞാറൻ കൊച്ചിയിൽ ബസുകളുടെ മത്സരയോട്ടവും അമിത വേഗതയും പതിവാണ്. അപകടത്തിൽപെട്ട് വഴിയാത്രക്കാരടക്കം മരിച്ച സംഭവങ്ങളുമുണ്ട്. ഫോർട്ട്കൊച്ചി വെളിയിൽ പലപ്പോഴും ആളുകളെ ഇറക്കിവിട്ട ശേഷമായിരിക്കും ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്.
തോപ്പുംപടി ജിയോ മുതൽ പ്യാരി ജങ്ഷൻ വരെ റോഡ് ഇടുങ്ങിയതാണെന്ന് ബസ് ഓടിക്കുന്നവർക്കറിയാമെങ്കിലും വേഗത കുറക്കാൻ തയാറാകാത്തതും അപകടത്തിന് കാരണമാകുന്നു. ഇവിടെയാണ് ഗൃഹനാഥൻ ബസിടിച്ച് മരിച്ച സംഭവമുണ്ടായത്. ഇരുചക്രവാഹന യാത്രികരും കാൽനട യാത്രക്കാരുമാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

