മട്ടാഞ്ചേരിയോട് തുടരുന്ന അവഗണന; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മടിച്ച് അധികൃതർ
text_fieldsനിർമാണം ഇഴഞ്ഞ് നീങ്ങുന്ന മട്ടാഞ്ചേരി വാട്ടർ മെട്രോ ജെട്ടി
മട്ടാഞ്ചേരി: ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രം, കൊച്ചി രാജ ഭരണത്തിന്റെ ഓർമപേറുന്നയിടം, പ്രധാന വിനോദസഞ്ചാര കേന്ദ്രം, പ്രധാന സുഗന്ധവ്യഞ്ജന വാണിജ്യ കേന്ദ്രം... ഇങ്ങനെ വിശേഷണങ്ങളേറെയുണ്ടെങ്കിലും മട്ടാഞ്ചേരി ഇന്ന് അവഗണനയുടെ പാതയിലാണ്. പൗരസ്ത്യ മാതൃകയിൽ പോർചുഗീസുകാർ രാജ്യത്ത് നിർമിച്ച ഏറ്റവും പഴക്കമുള്ള സൗധമായ മട്ടാഞ്ചേരി കൊട്ടാരം, കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കമേറിയ ജൂതപള്ളി, സ്ഥാനക് വാസി ജൈന ക്ഷേത്രം, ഇന്തോനേഷ്യ കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെനോറ (ജൂത ആഘോഷവിളക്ക്), ലോകത്തിലെ ഏറ്റവും വലിയ വാർപ്പ്, ചന്ദനത്തിരി, ഫെർഫ്യൂം ബോട്ടിൽ തുടങ്ങിയവ കാണാൻ വിദേശികൾ അടക്കം ആയിരങ്ങൾ എത്തുന്നയിടം.
ലോകത്ത് കണ്ടിരിക്കേണ്ട 20 കേന്ദ്രങ്ങളിൽ ഒന്നായി ബി.ബി.സി വിശേഷിപ്പിച്ച സ്ഥലം, രാജ്യത്തെ മാനവരാശിയുടെ പ്രതീകമായി താജ് മഹൽ, മധുര മീനാക്ഷി ക്ഷേത്രം, കാളിഘട്ട്, ജന്തർ മന്ദർ എന്നിവക്കൊപ്പം അഞ്ചാമതായി ഇതേ ബി.ബി.സി തന്നെ പ്രഖ്യാപിച്ച പ്രദേശവുമാണ് മട്ടാഞ്ചേരി. എന്നാൽ, മട്ടാഞ്ചേരിയോട് അധികൃതർ അവഗണന പുലർത്തുന്നുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
മിനി ഇന്ത്യ
മിനി ഇന്ത്യ എന്നാണ് മട്ടാഞ്ചേരി വിശേഷിപ്പിക്കപ്പെടുന്നത്. വിവിധ മതവിഭാഗങ്ങളും ഉപവിഭാഗങ്ങളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്. രാജ്യത്തെ വൻ നഗരങ്ങളിൽ ഇപ്രകാരം വിവിധ ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത ജാതികളിൽപെട്ടവർ ഉണ്ടാകുമെങ്കിലും ഈ വിഭാഗങ്ങൾക്ക് എല്ലാവർക്കും അവരുടേതായ ആരാധനാലയങ്ങൾ അടക്കമുള്ള മറ്റ് വാസസൗകര്യങ്ങൾ മറ്റെങ്ങും ഉണ്ടാകാനിടയില്ല. അതേസമയം, ഓരോ മതവിഭാഗങ്ങൾക്കും അവയുടെ ഉപവിഭാഗങ്ങൾക്കും മട്ടാഞ്ചേരി എന്ന കൊച്ചുപ്രദേശത്ത് ആരാധന കേന്ദ്രങ്ങളും താമസയിടങ്ങളുമുണ്ടെന്നതാണ് പ്രത്യേകത.
ചരിത്രത്തിന് നേരെ മുഖംതിരിക്കുന്നു
എല്ലാ സംസ്കാരങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് കൊച്ചി രാജാക്കന്മാരുടേത്. അഭയം തേടി എത്തിയ യഹൂദർക്ക് രാജാവിന്റെ കൊട്ടാരത്തിന് സമീപം തന്നെ താമസിക്കാനും ആരാധനാലയം പണിയാനും സ്ഥലം കൊടുത്തു.
പോർചുഗീസുകാരെ പേടിച്ച് കൊച്ചിയിലെത്തിയ കൊങ്കണി സമുദായത്തിന് വസിക്കാനും ക്ഷേത്രം നിർമിക്കാനും സ്ഥലം നൽകി. കൊച്ചിയിലെത്തിയ വിവിധ സമുദായങ്ങൾക്ക് രാജാവ് സ്ഥലങ്ങൾ നൽകി. പോർചുഗീസുകാർക്ക് കോട്ട പണിയാൻപോലും സ്ഥലം അനുവദിച്ചു.
ഇത്രയും വിശാല മനസ്കത കാണിച്ച കൊച്ചി രാജകുടുംബം പുതിയ രാജകുമാരന് അധികാരം കൈമാറുമ്പോൾ കിരീടധാരണവും ചെങ്കോലും കൈമാറിയിരുന്ന അരിയിട്ടു വാഴിച്ച കോവിലകം എന്നറിയപ്പെടുന്ന കോവിലകം ഒമ്പത് വർഷമായി അടച്ചിട്ടിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് താഴുവീണത്. കോവിലകം കാണാൻ വരുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങുകയാണ്. രാജഭരണവുമായി ബന്ധപ്പെട്ട മറ്റിടങ്ങളുടെയും സ്ഥിതി ഇതുതന്നെ.
പണി തീരാത്ത വാട്ടർ മെട്രോ ജെട്ടി
രാജ്യത്ത് ആദ്യമായി പാസഞ്ചർ ബോട്ട് സർവിസ് ആരംഭിച്ചത് മട്ടാഞ്ചേരി ജെട്ടിയിൽ നിന്നാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. രാജ കൊട്ടാരത്തിന് സമീപത്തായിരുന്നതിനാൽ കോവിലകം ജെട്ടിയെന്നായിരുന്നു ആദ്യ പേര്. ഈ ജെട്ടിയോട് ചേർന്നാണ് ഇപ്പോൾ വാട്ടർ മെട്രോ ജെട്ടിയും പണിയുന്നത്.
പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ തന്നെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജെട്ടിയുടെ നിർമാണം നീണ്ടുപോകുകയാണ്. നാട്ടുകാർ ഹൈകോടതിയെ സമീപിച്ചതോടെയാണ് നിർമാണം പുനരാരംഭിച്ചതു തന്നെ. ഹൈകോടതി ഇടപെട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയാണ്.
ആയിരക്കണക്കിന് സഞ്ചാരികൾ; ഒരു ടോയ്ലറ്റ് പോലും പ്രവർത്തിക്കുന്നില്ല
ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികൾ മട്ടാഞ്ചേരി ടൂറിസം മേഖലയിൽ എത്തുമെങ്കിലും ഇടക്കൊന്ന് ശങ്കയകറ്റാൻ തോന്നിയാൽ പെട്ടുപോയത് തന്നെ. പ്രവർത്തിക്കുന്ന ഒരു ടോയ്ലറ്റ് പോലും ജെട്ടിയിലോ സമീപത്തോ ഇല്ല. ജെട്ടിയോട് ചേർന്ന് നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ ഉണ്ടെങ്കിലും മൂന്നുമാസമായി അടഞ്ഞുകിടക്കുകയാണ്. മോട്ടോർ തകരാറിലായതാണ് പൂട്ടിയിടാൻ കാരണമെന്ന് അധികൃതർ പറയുന്നു.
നവീകരിച്ച മട്ടാഞ്ചേരി ബോട്ട് ജെട്ടി ചുറ്റുവളപ്പിൽ ടോയ്ലറ്റ് സംവിധാനം ഉണ്ടെങ്കിലും അതും തുറന്നുകൊടുക്കുന്നില്ല. ഇവിടെ നിന്നുള്ള ബോട്ട് സർവിസും പേരിന് മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചിയിൽ രണ്ടിടങ്ങളിൽ ടോയ്ലറ്റ് സംവിധാനത്തിന് തറക്കല്ലിട്ടെങ്കിലും മട്ടാഞ്ചേരി മേഖലയെ നഗരസഭ പരിഗണിച്ചില്ല.
ബസ് സ്റ്റാൻഡ് ഉണ്ട്, ഷെഡ് ഇല്ല
മട്ടാഞ്ചേരി ജെട്ടി, സിനഗോഗ്, മട്ടാഞ്ചേരി കൊട്ടാരം എന്നിവക്ക് സമീപമാണ് മട്ടാഞ്ചേരി ബസ് സ്റ്റാൻഡ്. പേര് ബസ് സ്റ്റാൻഡ് എന്നാണെങ്കിലും യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാതെ കയറി നിൽക്കാൻ വെയിറ്റിങ് ഷെഡുപോലും ഇല്ല.
കുട്ടികളുടെ പാർക്കും അവഗണനയിൽ
മട്ടാഞ്ചേരി ജെട്ടി പ്രദേശം ടൂറിസം മേഖലയാണ്. കുട്ടികൾക്ക് കളിക്കാൻ പാർക്കുണ്ടെങ്കിലും കാര്യമായ കളിയുപകരണങ്ങൾ ഇല്ലെന്ന് മാത്രമല്ല പാർക്കിന്റെ അവസ്ഥയും മോശമാണ്. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതി പ്രകാരം വികസന പ്രവർത്തനത്തിനായി തെരഞ്ഞെടുത്ത അഞ്ചാം ഡിവിഷനിലാണ് പാർക്ക്.
എന്നാൽ, ഡിവിഷനിലുള്ള ഈ പാർക്ക് സി.എസ്.എം.എൽ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചില്ല. പദ്ധതിയിൽ പരാമർശിക്കാത്ത ഫോർട്ട്കൊച്ചി അമരാവതി അടക്കമുള്ള ഡിവിഷനുകളിലെ പാർക്കുകൾ ഈ പദ്ധതി പ്രകാരം നവീകരിച്ചെങ്കിലും മട്ടാഞ്ചേരി പാർക്കിനെ തഴഞ്ഞു. വ്യാപാര കേന്ദ്രമായ മട്ടാഞ്ചേരി ബസാർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതും അവഗണന തെളിയിക്കുന്നതാണെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

