വധശ്രമ കേസ്: കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ
text_fieldsആലുവ: രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പൊലീസിൻ്റെ പിടിയിൽ. ആലുവയിലെ ബാറിനു സമീപം രണ്ടുപേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് വെസ്റ്റ് ബംഗാൾ സ്വദേശികളായ ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചിന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. പ്രതികൾക്കായി റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സാബിർ ഹുസൈനെ ആലുവ ഭാഗത്തുനിന്നും മുഖ്യപ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്.
ശ്യാമള് റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20 ഓളം മോഷണക്കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു. ആലുവ ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ ഗോപകുമാർ, എസ്.ഐമാരായ ജോസി എം. ജോൺസൺ, വി. അനൂപ്, എ.എസ്.ഐമാരായ വർഗീസ്, മനാഫ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്, അഫ്സൽ, റോബിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

