ഹോമിയോ ആശുപത്രി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: ക്വട്ടേഷൻ സംഘം പിടിയിൽ
text_fieldsപ്രതികളായ സുൽഫി, നിതിൻ കുമാർ, അജീഷ്, സുനീഷ്
കൊച്ചി: എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശി സുല്‍ഫി (36), ഇടുക്കി സ്വദേശി നിതിന്‍ കുമാര്‍(30) എന്നിവരാണ് നോര്‍ത്ത് പൊലീസിെൻറ പിടിയിലായത്. ക്വട്ടേഷന്‍ നല്കിയ ആളുടെ ഭാര്യയുമായി ജീവനക്കാരനുണ്ടായ ബന്ധമാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
യുവതി പാലക്കാട് ആശുപത്രിയില്‍ ജോലി ചെയ്ത സമയത്ത് സഹപ്രവര്‍ത്തകനുമായി പരിചയത്തിലായി. തുടര്‍ന്ന് ഇയാൾ എറണാകുളത്തേക്ക് സ്ഥലം മാറിപ്പോയി. എന്നാല്‍, ഫോണിലൂടെ സൗഹൃദം തുടര്‍ന്നു. ഇത് ശ്രദ്ധയിൽപെട്ട ഭര്‍ത്താവ് ഇയാൾക്ക് താക്കീത് നല്‍കിയിട്ടും ഫോണ്‍വിളി തുടർന്നു. യുവതിക്കൊപ്പമുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇതോടെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ വകവരുത്താന്‍ അജീഷിന് 1.5 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഈ മാസം 18ന് രാവിലെ എട്ടിന് ജീവനക്കാരന് ആശുപത്രിയിലേക്ക് വരുന്ന സമയത്ത് പ്രതികള്‍ കാറിലെത്തി തടഞ്ഞുനിര്‍ത്തി നെഞ്ചിലും വയറ്റിലുമായി കുത്തിയശേഷം കടന്നുകളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ജീവനക്കാരന് അപകടനില തരണം ചെയ്തു. ഇയാൾക്ക് പ്രതികളെ മുന്‍പരിചയം ഇല്ലായിരുന്നു. ഇതോടെ ക്വട്ടേഷന്‍ ആണെന്ന നിഗമനത്തില്‍ പൊലീസ് എത്തി. സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിെൻറ നമ്പര്‍ ലഭിച്ചു. തുടർന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ നല്കിയ ആളെ വൈകാതെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി ടോമിെൻറ നേതൃത്വത്തില്‍ നോര്‍ത്ത് എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ ബിജു, സാജന്, രമേശ്, സി.പി.ഒമാരായ വിനീത്, ഫെബിന്, പ്രവീണ്‍, സുനില്‍, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കാപ്പ ഉള്‍പ്പെടെ നിയമ നടപടി സ്വീകരിക്കുമെന്ന് എറണാകുളം എ.സി.പി കെ. ലാല്‍ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

