എം.എല്‍.എ ഓഫിസിനുമുന്നിലെ തിരക്ക് ചിത്രീകരിച്ചതിന് ഫോട്ടോഗ്രാഫര്‍ക്ക് നേരെ കൈയേറ്റം
text_fieldsകൊച്ചി: എം.എല്‍.എ ഓഫിസിനു പുറത്തെ തിരക്ക് ചിത്രീകരിക്കുന്നതിനിടെ 'മംഗളം' ഫോട്ടോഗ്രാഫര്‍ മഹേഷ് പ്രഭുവിനുനേരെ കൈയേറ്റം. വിവിധ ആവശ്യങ്ങള്‍ക്കായി കെ.ജെ. മാക്സി എം.എല്‍.എയുടെ തോപ്പുംപടിയിലുള്ള ഓഫിസിനുമുന്നില്‍ തടിച്ചുകൂടിയവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട ചിലര്‍ തടയാനെത്തിയത്.
ഈ സമയം എം.എല്‍.എ ഓഫിസിലുണ്ടായിരുന്നില്ല. ചിത്രമെടുക്കാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ സംഘം എടുത്ത ചിത്രങ്ങള്‍ കാമറയില്‍നിന്ന് ബലംപ്രയോഗിച്ച് നീക്കംചെയ്യിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫറുടെ ഐ.ഡി കാര്‍ഡ് വാങ്ങി അതിെൻറ ചിത്രവുമെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയതോടെ സംഭവത്തിനുപിന്നില്‍ ഓഫിസുമായി ബന്ധപ്പെട്ടവരെല്ലന്ന് എം.എല്‍.എ വ്യക്തമാക്കി.
വിധവകൾക്കും കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കും ധനസഹായം നൽകുന്നുവെന്ന പ്രചാരണത്തെ തുടർന്നാണ് തോപ്പുംപടി കഴുത്തു മുട്ടിലുള്ള കെ.ജെ. മാക്സി എം.എൽ.എയുടെ ഓഫിസിലേക്ക് സ്ത്രീകൾ കൂട്ടമായി എത്തിയത്. ലോക് ഡൗൺ നിയന്ത്രണങ്ങളൊന്നും വകവെക്കാതെയാണ് ആൾക്കൂട്ടം.