നന്മയുടെ ‘അത്താണി’യായി അത്തനേഷ്യസ് സ്കൂൾ
text_fieldsവിദ്യാർഥികൾ നിർമിച്ച പേപ്പർ ബാഗ് സൗജന്യമായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നു
അത്താണി: സേവന പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബോധവത്കരണത്തിന്റെ വേറിട്ട സന്ദേശമാകുകയാണ് അത്താണി മാർഅത്തനേഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ഇവിടുത്തെ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക, സേവന, സന്നദ്ധ, ബോധവത്കരണ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധേയമാണ്. സ്കൂൾ പ്രിൻസിപ്പൽ നുസി എലിസബത്ത് വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.എം. ഫെബിൻസ, അസി. ഓഫീസർ എം. പ്രീത എന്നിവരുടെ നേതൃത്വത്തിലാണ് എൻ.എസ്.എസ് വളണ്ടിയർമാർക്ക് സന്ദേശങ്ങളും ആശയങ്ങളും പകർന്ന് നൽകുന്നത്.
ആലപ്പുഴയിൽ മൂന്ന് ദിവസത്തെ പരിശീലനം നേടിയ സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരായ സോണ മരിയ, അലൻ തങ്കച്ചൻ, സെറ ജോൺ, പോൾവിൻ ജോർജ് എന്നിവർ 25 വീതം വിദ്യാർഥികളുടെ ലീഡർമാരാണ്. 25 വീതം നാല് ഗ്രൂപ്പുകളായി തിരിച്ച് 100 വിദ്യാർഥികൾക്കാണ് സേവനങ്ങളുടെ മാതൃക ഇവർ നൽകി വരുന്നത്.
പ്ലാസ്റ്റിക്കിനെ നാടു കടത്താൻ ദിനപത്രങ്ങൾ ഉപയോഗിച്ച് കുട്ടികൾ 500 പേപ്പർ ബാഗുണ്ടാക്കി സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ ബോധവത്കരണത്തോടെ സൗജന്യമായി വിതരണം ചെയ്തതാണ് ഒടുവിൽ ചെയ്ത പ്രവർത്തനം. വയനാട് ദുരന്തത്തിൽ സഹായമെത്തിക്കാൻ വിദ്യാർഥികൾ നടത്തിയ സ്ക്രാപ്പ്, പായസം, ഫിനോയിൽ ചലഞ്ചുകൾ മാതൃകയായിരുന്നു.
വീടുകളിലും സമീപത്തുമുള്ള പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, ചില്ല്, പേപ്പറുകൾ തുടങ്ങിയവ ശേഖരിച്ച് വിൽപന നടത്തി ലഭിച്ച 17,000ത്തോളം രൂപ വയനാട് ദുരിതബാധിതർക്കായി നൽകി. ഓണത്തിന് 100 കുട്ടികളും വ്യത്യസ്ഥ രുചിയിലുള്ള പായസമുണ്ടാക്കി സഹപാഠികൾക്കും രക്ഷിതാക്കൾക്കും വിൽപ്പന നടത്തി കിട്ടിയ പണവും സ്വന്തമായി ഫിനോയിൽ ഉൽപാദിപ്പിച്ച് വീടുകളിൽ വിൽപന നടത്തി ലഭിച്ച പണവും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
സ്കൂൾ വളപ്പിലെ ബന്തിപ്പൂ കൃഷിയിലൂടെ കിട്ടിയ തുക വയനാടിനൊരു കൈതാങ്ങ് പദ്ധതിയിലേക്ക് കൈമാറി. പച്ചക്കറി കൃഷി നടത്തി വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകി. ലഹരി വിരുദ്ധ പ്രചാരണം, പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, ശുചീകരണ പ്രവർത്തനങ്ങൾ, ഔഷധച്ചെടികൾ, വൃക്ഷതൈകൾ എന്നിവ നട്ടുപിടിപ്പിക്കൽ, ആലുവ ജില്ല ആശുപത്രി ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പൊതു ജനങ്ങളെ ഉൾപ്പെടുത്തി രക്തദാനം, രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പി.ടി.എയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

