അപകടങ്ങളൊഴിയാതെ അത്താണിയും കോട്ടായിയും
text_fieldsഅത്താണി: ദേശീയപാതയിൽ കേരള ഫാർമസിക്കും കുറുന്തിലക്കോട്ട് ചിറക്ക് സമീപവും അപകടങ്ങൾ നിത്യ സംഭവങ്ങളാകുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോ അടക്കം ചെറിയ വാഹനങ്ങളുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. ഒന്നര വർഷത്തിനുള്ളിൽ ഒരു ഡസനോളം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അപകടങ്ങൾ നിത്യ കാഴ്ചയുമാണ്.
ബുധനാഴ്ച പുലർച്ചെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് പിരിഞ്ഞ് പോകുന്നതിനിടെ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നീ യുവാക്കൾക്കാണ് മീഡിയനിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്. ജന്മദിനത്തിലാണ് ഗോകുലിന്റെ ജീവൻ പൊലിഞ്ഞത്. ചൊവ്വാഴ്ച രാത്രി ആഘോഷം കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ജന്മദിനം ഗോകുലിന് അന്ത്യദിനമാകുകയായിരുന്നു. കാലങ്ങൾക്ക് മുമ്പ് ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിച്ചതോടെ കേരള ഫാർമസി മുതൽ കോട്ടായി വരെ അപകടാവസ്ഥയിലാണ്. റോഡിന് കുറുകെ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ കുറുന്തിലക്കോട് ചിറ കടന്ന് പോകുന്നതിനാൽ ഈ ഭാഗത്ത് നാലുവരിപ്പാത വികസനം വേണ്ടത്ര പ്രയോജനം ചെയ്തില്ല.
പാത വികസനത്തിനായി ചിറ വികസിപ്പിച്ചപ്പോൾ മധ്യഭാഗത്ത് മീഡിയൻ ഉയർത്തിയെങ്കിലും റോഡ് വീതി കൂട്ടാൻ സാധിച്ചില്ല. അതിനാൽ കുറുന്തിലക്കോട് ചിറ മുതൽ കേരള ഫാർമസി വരെ പടിഞ്ഞാറ് വശത്തേയും പോസ്റ്റ് ഓഫിസ് കവല മുതൽ കോട്ടായി മരമില്ല് വരെ കിഴക്ക് വശത്തെയും പഴയ സമാന്തര പാതകൾ താഴ്ന്ന് ഉപയോഗ ശൂന്യമായി. നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർഥ്യമാവുകയും രാപ്പകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഒഴുകിയെത്തുകയും ചെയ്യുന്നുണ്ടെങ്കിലും റോഡ് വീതി കൂട്ടാനോ ഗതാഗത സംവിധാനം സുഗമമാക്കാനോ സാധിച്ചിട്ടില്ല.
ദേശീയപാതയോട് ചേർന്ന വൈദ്യുതി പോസ്റ്റുകളും മധ്യഭാഗത്തെ കാന തുറസായി കിടക്കുന്നതും റോഡിലെ വളവുമാണ് ഈ ഭാഗത്ത് വാഹനാപകടങ്ങളുണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അതിവേഗം സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങൾ പലപ്പോഴും വീതിയല്ലാത്ത പാതയിൽ വളവ് തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

