സാമൂഹികവിരുദ്ധ ശല്യം; മത്സ്യ മാർക്കറ്റ് വൈദ്യുതി ഓഫിസാക്കി
text_fieldsകച്ചേരിപ്പടിയിലെ മത്സ്യ മാർക്കറ്റ് വൈദ്യുതി ഓഫിസായി മാറിയപ്പോൾ
പള്ളുരുത്തി: കോടികൾ മുടക്കി നിർമിച്ച് 2014ൽ കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്ത കച്ചേരിപ്പടിയിലെ അത്യാധുനിക മത്സ്യ മാർക്കറ്റ് ഇപ്പോൾ വൈദ്യുതി വിഭാഗത്തിന്‍റെ ഓഫിസായി മാറി. കേരള സംസ്ഥാന കോസ്റ്റൽ ഏരിയ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ പ്രത്യേക പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്ഘാടനം.
എന്നാൽ, പ്രവർത്തനം തുടങ്ങി ഒരുവർഷം പിന്നിട്ടപ്പോൾ കച്ചവടക്കാർ മാർക്കറ്റ് വിട്ടു. ചിലർ മാർക്കറ്റിന് പുറത്തായി കച്ചവടം, പിന്നീട് പുറത്തെ കച്ചവടവും കുറഞ്ഞു. ഇതോടെ മാർക്കറ്റും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമായതായി പ്രദേശവാസികൾ പറയുന്നു. നാട്ടുകാർ പരാതിപ്പെട്ടു മടുത്തു.
ഒടുവിൽ അധികൃതർ തീരുമാനമെടുത്തു. അടഞ്ഞുകിടക്കുന്ന മാർക്കറ്റ് വൈദ്യുതി ഓഫിസാക്കി മാറ്റുക. ഇടക്കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ഓഫിസാണ് പള്ളുരുത്തി മാർക്കറ്റിലേക്ക് മാറ്റിയത്. അവിടെ 24,000 രൂപയായിരുന്നു പ്രതിമാസ വാടക. മാർക്കറ്റിലാകുമ്പോൾ വാടക 10,000 രൂപയിൽ തീരും. ഈമാസം ഒന്നുമുതൽ പള്ളുരുത്തി ഇലക്ട്രിക് ഓഫിസ് മാർക്കറ്റിന്‍റെ പകുതി ഭാഗത്ത് പ്രവർത്തനം തുടങ്ങി.
പള്ളുരുത്തി, ഇടക്കൊച്ചി എന്നീ സെക്ഷനുകളാണ് ഇവിടെയുള്ളത്. പള്ളുരുത്തി ഓഫിസിന്‍റെ പ്രവർത്തനം തുടങ്ങിയെങ്കിലും ഇടക്കൊച്ചി ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടില്ല. ചില്ലറ ഒരുക്കങ്ങൾ കൂടി പൂർത്തിയാകുവാനുണ്ട്. അസിസ്റ്റന്‍റ് എൻജിനീയറടക്കം 36 ജീവനക്കാരാണ് ഉള്ളത്.
നാല് കരാർ ജീവനക്കാരും കൂടിയുണ്ട്. അതേസമയം, പള്ളുരുത്തിയിലേക്ക് ഓഫിസ് മാറ്റിയതോടെ ഇടക്കൊച്ചി മേഖലയിലുള്ളവർക്ക് യാത്രാബുദ്ധിമുട്ടുള്ളതായി മേഖലയിലെ താമസക്കാരും ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

