മൂവാറ്റുപുഴ ഡിപ്പോയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
text_fieldsമൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സാമൂഹികവിരുദ്ധർ യാത്രക്കാരനെ അസഭ്യം പറയുന്നു
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഭയന്ന് ഓടി സ്ത്രീകളും വിദ്യാർഥികളും. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക് ആരംഭിച്ച അഴിഞ്ഞാട്ടം ഒരു മണിക്കൂറോളം നീണ്ടു. ഒടുവിൽ പൊലീസെത്തി സംഘത്തെ സ്റ്റാൻഡിൽ നിന്ന് പുറത്താക്കിയെങ്കിലും വീണ്ടും എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മധ്യകേരളത്തിലെ പ്രധാന ഡിപ്പോകളിൽ ഒന്നായ മൂവാറ്റുപുഴ സ്റ്റാൻഡിലാണ് സാമൂഹികവിരുദ്ധർ അഴിഞ്ഞാടിയത്. മൂന്നു ദിവസത്തെ അവധികഴിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് പുലർച്ചയുള്ള ബസുകളിൽ പോകുന്നതിന് സ്ത്രീകളും വിദ്യാർഥികളും അടക്കം നിരവധി യാത്രക്കാരാണ് സംഭവ സമയത്ത് സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. കനത്ത മഴയായിരുന്നതിനാൽ യാത്രക്കാർ തിങ്ങി കൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് സംഘം സ്റ്റാൻഡിൽ എത്തിയത്. ലൈറ്റർ ചോദിച്ച് എത്തി ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറിയ ശേഷം അസഭ്യവർഷം നടത്തുകയായിരുന്നു. കൈയേറ്റ ശ്രമവും നടന്നു. ഇവർ യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുമ്പോൾ വിദ്യാർഥികളും വിദ്യാർഥിനികളും ഭയന്ന് ഓടി. സഹികെട്ട് യാത്രക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഇവരെ സ്റ്റാൻഡിൽ നിന്നും വിരട്ടി ഓടിച്ചെങ്കിലും പൊലീസ് മടങ്ങിയതിന് പിന്നാലെ സംഘം വീണ്ടും സ്റ്റാൻഡിൽ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഒടുവിൽ യാത്രക്കാർ സംഘടിച്ച് ഇവർക്കു നേരെ തിരിഞ്ഞതോടെയാണ് സംഘം പിന്മാറിയത്. പോക്കറ്റടി കേസുകളിലെയും മോഷണ കേസുകളിലെയും പ്രതികൾ വരെ സംഘത്തിൽ ഉണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു.
ഒരു മണിക്കൂറോളം ഇവർ ഡിപ്പോയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകാനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായില്ല. തെരുവു നായ് ശല്യവും സ്റ്റാൻഡിൽ രൂക്ഷമാണ്. നായ്ക്കൾ കടിപിടി കൂടി യാത്രക്കാർക്ക് ഇടയിലേക്ക് ഓടി കയറുന്നതും പതിവായി. സാമൂഹികവിരുദ്ധ ശല്യം പതിവാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഈ സാഹചര്യത്തിൽ ഡിപ്പോയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

