സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച നഴ്‌സിന് ആദരം
text_fieldsനഴ്സ് ഷീബ അനീഷിന് അപ്പോളോ ആശുപത്രി അധികൃതർ ഏർപ്പെടുത്തിയ ഉപഹാരം ബെന്നി ബഹനാൻ എം.പിയും റോജി എം. ജോൺ എം.എൽ.എയും സമ്മാനിച്ചപ്പോൾ
അങ്കമാലി: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ സഹയാത്രികനായ യുവാവിെൻറ ജീവന് തുണയായ അങ്കമാലി അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഷീബയെ ആശുപത്രി അധികൃതർ ആദരിച്ചു.
16ന് രാവിലെ ജോലി കഴിഞ്ഞ് അങ്കമാലിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇടക്ക് ബസിൽ കയറിയ യുവാവ് ഫുട്ട് ബോർഡിന് സമീപം സീറ്റിൽനിന്ന് കുഴഞ്ഞ് വീണത്. ഉടൻ ഫുട്ട് ബോർഡിൽനിന്ന് നീക്കി കെടുത്തി പരിശോധിച്ചപ്പോൾ പൾസില്ലെന്ന് കണ്ടെത്തി.
തുടർന്ന് രണ്ടുവട്ടം കൃത്രിമശ്വാസോച്ഛ്വാസം നൽകുകയായിരുന്നു. അതിനിടെ വായിൽനിന്ന് നുരയും പതയും വരുകയും അപ്പോൾ ചരിച്ചുകിടത്തി പുറത്തുതട്ടി പരിചരിക്കുകയും ചെയ്തു. അതിനുശേഷമാണ് യുവാവിന് ബോധവും ശ്വാസവും വീണത്. ഷീബയുടെ സമയോചിത ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
സി.ഇ.ഒ പി. നീലകണ്ണെൻറ സാന്നിധ്യത്തിൽ ബെന്നി ബഹനാൻ എം.പിയും റോജി എം. ജോൺ എം.എൽ.എയും ഉപഹാരം നൽകി. നഴ്‌സിങ് ഹെഡ് നികേതന ആര്‍. നായര്‍, ഷീബയുടെ ഭര്‍ത്താവ് അനീഷ്, മകന്‍ ആര്യന്‍, ആശുപത്രി ജീവനക്കാർ അടക്കം ചടങ്ങിൽ പങ്കെടുത്തു.