വെയ്റ്റ് ലിഫ്റ്റിങ്ങിൽ താരമായി പീറ്റർ ജോസഫ്
text_fieldsപീറ്റർ ജോസഫ്
അങ്കമാലി: വെയ്റ്റ് ലിഫ്റ്റിങ്ങിൽ രാജ്യത്തിനുവേണ്ടി ശ്രദ്ധേയ നേട്ടങ്ങൾ കൊയ്ത് പീറ്റർ ജോസഫ്. ഈ മാസം 10 മുതൽ 12 വരെ ആസ്േട്രലിയയിൽ നടന്ന കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ 81 കിലോ വിഭാഗത്തിൽ ഇന്ത്യക്കുവേണ്ടി പീറ്റർ സ്വർണം നേടി.
2019 ൽ ആസ്ട്രേലിയയിൽ നടന്ന ഇതേ മത്സരത്തിൽ പരിക്കുപറ്റി പുറത്താവുകയായിരുന്നു. 2019ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ സ്വർണം നേടിയിരുന്നു. അന്തർ ദേശീയ വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളിൽ മെഡൽ നേടിയ ഏക മലയാളിയാണ് പീറ്റർ ജോസഫ്. വെയ്റ്റ് ലിഫ്റ്റിങ്ങിലും ബോഡി ബിൽഡിങ്ങിലും 15 ലോക മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത പീറ്റർ ജോസഫ് 21ാം വയസ്സിൽ ബോഡി ബിൽഡിങ്ങിൽ ദേശീയ ചാമ്പ്യനായി.
42ാം വയസ്സിൽ മിസ്റ്റർ കേരള, മിസ്റ്റർ സൗത്ത് ഇന്ത്യ പട്ടങ്ങൾ അലങ്കരിച്ചിരുന്നു. 50ാം വയസ്സിൽ മിസ്റ്റർ ഇന്ത്യ പട്ടവും 52ാം വയസ്സിൽ മിസ്റ്റർ വേൾഡിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. 2017 ഗ്രീസിൽ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മാസ്റ്റേഴ്സ് മിസ്റ്റർ വേൾഡിൽ മൂന്നാം സ്ഥാനവും 2018ൽ മലേഷ്യയിൽ നടന്ന ഏഷ്യ പസഫിക് വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്.
റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന പീറ്റർ ജോസഫ് ജോലി രാജിവെച്ചാണ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 35തരം വ്യായാമങ്ങൾ ചെയ്യാവുന്ന യന്ത്രം സ്വന്തമായി നിർമിച്ച് പേറ്റൻറും കരസ്ഥമാക്കിയിട്ടുണ്ട്.