വിമോചന സമരം: അങ്കമാലി വെടിവെപ്പിന് 63 വർഷം തികയുന്നു
text_fieldsഅങ്കമാലി: ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിടാൻ കാരണമായ അങ്കമാലി വെടിവെപ്പിന് തിങ്കളാഴ്ച 63 വർഷം തികയുന്നു. വിമോചന സമരഭാഗമായി 1959 ജൂൺ 13നാണ് അങ്കമാലിയിൽ പൊലീസ് വെടിവെപ്പുണ്ടായത്. ഏഴുപേർ കൊല്ലപ്പെട്ടു. അതിൽ 15 വയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു. അഞ്ചുപേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.
45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തുന്നുവെന്ന അഭ്യൂഹമാണ് പൊലീസിന്‍റെ കിരാത നടപടിക്ക് വഴിയൊരുക്കിയത്. മൃതദേഹങ്ങൾ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്‍റെ കാർമികത്വത്തിൽ അങ്കമാലി കല്ലറയിലാണ് സംസ്കരിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റ് സർക്കാറിന്‍റെ വിദ്യാഭ്യാസ ബില്ലിനെതിരെ നടത്തിയ പ്രതിഷേധമായിരുന്നു വിമോചന സമരം. 1959 മേയ് ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രമേയം ചങ്ങനാശ്ശേരിയിൽ സാമുദായിക നേതാക്കൾ പാസാക്കിയതോടെയാണ് വിമോചനസമരത്തിന് തുടക്കമായത്.
പ്രതികരണവേദി ആഭിമുഖ്യത്തിൽ അങ്കമാലി ബസിലിക്ക പള്ളിയിലെ കല്ലറയിൽ തിങ്കളാഴ്ച രാവിലെ എട്ടിന് പുഷ്പചക്രം അർപ്പിക്കും. തുടർന്ന്, പള്ളി അങ്കണത്തിൽ വിമോചനസമര അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുമെന്ന് വേദി പ്രസിഡൻറ് ജോസ് വാപ്പാലശ്ശേരി, കൺവീനർ പി.ഐ. നാദിർഷാ, സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.