ബസ് ക്രെയിനിലും എക്സ്കവേറ്ററിലും ഇടിച്ചുകയറി; യാത്രക്കാരന്‍റെ കാലൊടിഞ്ഞു
text_fieldsഅത്താണി-മേക്കാട് റോഡിൽ കാരക്കാട്ടുകുന്ന് കവലയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടം
അങ്കമാലി: മേക്കാട് കാരക്കാട്ടുകുന്ന് കവലയിൽ സ്വകാര്യ ബസ് ക്രെയിനിലും എക്സ്കവേറ്ററിലും ഇടിച്ചുകയറി. ബസിലെ ഒരു യാത്രക്കാരന്‍റെ കാലൊടിഞ്ഞു. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ബസിന്‍റെ പിൻഭാഗത്തെ ടയറുകൾ ഊരിപ്പോയി. വാതിൽ തകർന്നു. തിങ്കളാഴ്ച രാവിലെ 9.40ഓടെയാണ് സംഭവം. അങ്കമാലി-കണക്കൻകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘പുളിക്കൽ’ ബസാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലിയിൽനിന്ന് മിന്നൽ വേഗത്തിൽ വരികയായിരുന്നു ബസ്.
ഈ സമയം മേക്കാട് ഭാഗത്തേക്ക് ഇറക്കം ഇറങ്ങുകയായിരുന്ന ക്രെയിനിന്‍റെ മുൻവശത്തെ ടയറിൽ ഇടിച്ച് നിയന്ത്രണം വിട്ടു. ഇടിയുടെ ആഘാതത്തിൽ ക്രെയിൻ തള്ളി നീങ്ങുകയും നിയന്ത്രണം വിട്ടോടിയ ബസ് സമാന്തരമായി പോയ എസ്കവേറ്ററിൽ ഇടിച്ച് കയറുകയുമായിരുന്നു. ടയറില്ലാതെ ഓടിയ ബസ് റോഡിൽ കുത്തി മറിയുന്ന രീതിയിൽ ചരിഞ്ഞാണ് നിന്നത്.
ബസിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ഓടിക്കൂടിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. മേക്കാട് പൈനാടത്ത് വീട്ടിൽ എൽജോക്കാണ് (45) കാലിന് പൊട്ടലുള്ളത്. ഇടുങ്ങിയ റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

