ഉത്സവത്തിനിടെ ആനയിടഞ്ഞ് 16 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
text_fieldsഅങ്കമാലി: തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ തിരുത്സുവത്തോടനുബന്ധിച്ചുള്ള ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് 16ഓളം പേർക്ക് പരിക്ക്. രണ്ടുപേർക്ക് സാരമായ പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു സംഭവം.
ചൊവ്വര സുരഭിയിൽ സൂരജ് പിഷാരടി (30), തൃപ്പൂണിത്തുറ ഏരൂർ കൗസ്തൂബം ഹരി കമ്മത്ത് (41), തിരുനായത്തോട് മേഴാറ്റൂർ കുന്നുംപറമ്പത്ത് മനയിൽ കെ.ആർ. രാമനുജൻ (29), വൈക്കം ഉദയനാപുരം തെറോയിൽ വീട്ടിൽ രാമക്കുറുപ്പ് (50), മഞ്ഞുമ്മൽ ചേലക്കാട് വീട്ടിൽ സി.എം. അനൂപ് (28), മാള പള്ളിപ്പുറം ചാലക്കൽ വീട്ടിൽ അഭിരാഗ് ആനന്ദൻ (26), നെടുമ്പാശ്ശേരി വാപ്പാലശ്ശേരി ബ്ലാവേലിൽ ബി.പി. രാജൻ (60), കരയാംപറമ്പ് വൃന്ദാൻ പ്രദീപ് (64), നായത്തോട് മൂത്താട്ട് എം.എസ്. രതീഷ് (43), നെടുമ്പാശ്ശേരി വാപ്പാലശ്ശേരി ചെമ്പകശ്ശേരി രാധാകൃഷ്ണൻ (69), നായത്തോട് മൂത്തേത്ത് വീട്ടിൽ ക്ഷേമാവധി (76), തുറവുങ്കര വെള്ളിമറ്റം ലളിത സുരേന്ദ്രൻ (72), തലോർ എളാങ്കല്ലൂർ ഇ.കെ. ദാമോദരൻ (28), കാതികുടം ചെരിയിൽ വീട്ടിൽ എൻ.സന്തോഷ് (53), സന്ധ്യ അനിൽകുമാർ (50), നോർത്ത് പറവൂർ പനമ്പിൽ വീട്ടിൽ ആദർശ് (22) എന്നിവർക്കാണ് പരിക്കേറ്റത്.
അങ്കമാലി തിരുനായത്തോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചപ്പോൾ
ഇതിൽ സൂരജ് പിഷാരടിക്കും ഹരി കമ്മത്തിനുമാണ് സാരമായ പരിക്കുള്ളത്. സൂരജിന്‍റെ നിലഗുരുതരമാണ്. അഞ്ച് ആനകൾ അണിനിരന്ന ശിങ്കാരിമേളത്തിന്‍റെ ആവേശത്തിമിർപ്പിനിടെയാണ് ഇടതുവശത്തെ രണ്ടാമത് അണിനിരന്ന ‘ശബരിനാഥ്’ എന്ന ആനയിടഞ്ഞത്. മേളം അരങ്ങ് തകർക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ട് കുതിക്കുകയായിരുന്നു.
ഈ സമയം തൊട്ടുമുന്നിൽനിന്ന് കാമറയിൽ ദൃശ്യം പകർത്തുകയായിരുന്ന ചൊവ്വര നെടുവന്നൂർ സ്വദേശി സൂരജ് ആനയുടെ ചവിട്ടേറ്റ് വീഴുകയായിരുന്നു. വയോധികർ അടക്കം ആനക്ക് മുന്നിൽ തിങ്ങിനിറഞ്ഞിരുന്നു. മുന്നോട്ട് കുതിച്ച ആന ഇടത്തോട്ടോടിയതോടെ ഭയന്ന് ചിതറിയോടിയവർക്കാണ് കൂടുതലായും പരിക്കുള്ളത്. എന്നാൽ, ആന പ്രകോപിതനാകാൻ ഇടയായ കാരണം അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

