പിതാവിന്റെ പാത പിന്തുടർന്ന് റീത്ത പോൾ
text_fieldsറീത്ത പോൾ
അങ്കമാലി: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് റീത്ത പോൾ അങ്കമാലി നഗരസഭ അധ്യക്ഷയാകുന്നത് കാൽ നൂറ്റാണ്ടുകാലത്തെ ജനപ്രതിനിധിയെന്ന അനുഭവസമ്പത്തിന്റെ ബലത്തിൽ. 2000 മുതൽ തോൽവി അറിയാതെ നഗരസഭ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റീത്ത ആറാം ടേമിൽ പ്രവേശിച്ചതോടെയാണ് ചെയർമാൻ പദവി അലങ്കരിക്കാൻ അവസരം കൈവന്നത്. മുല്ലശ്ശേരി ഏഴാം വാർഡിൽനിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. കല്ലുപാലം അഞ്ചാം വാർഡിൽനിന്ന് മൂന്ന് തവണയും കോതകുളങ്ങര ഈസ്റ്റ് ആറാം വാർഡിൽനിന്ന് രണ്ട് തവണയുമാണ് വിജയിച്ചത്.
അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ജോർജ് പള്ളിപ്പാട്ടിന്റെ അഞ്ച് പെൺമക്കളിൽ ഇളയവളാണ് റീത്ത. അങ്കമാലി പഞ്ചായത്തായിരുന്ന കാലഘട്ടത്തിൽ ജോർജ് രണ്ട് പതിറ്റാണ്ടിലേറെക്കാലമാണ് പ്രസിഡന്റ്, വൈസ്. പ്രസിഡന്റ് സ്ഥാനങ്ങൾ അലങ്കരിച്ചത്. അങ്കമാലി പട്ടണ മധ്യത്തിലായിരുന്നു റീത്തയുടെ തറവാട്. തൊട്ടടുത്തുള്ള നഗരസഭ കാര്യാലയം അന്ന് മാർക്കറ്റായിരുന്നു. മാർക്കറ്റിലേക്കുള്ള ഇടവഴി വികസപ്പിക്കാൻ 10 സെന്റ് ജോർജ് വിട്ട് കൊടുത്തു. എം.സി. റോഡും, ദേശീയപാതയും സംഗമിക്കുന്ന ജില്ലയുടെ പ്രധാന പട്ടണങ്ങളിലൊന്നായ അങ്കമാലി പട്ടണത്തിന്റെ വികസനത്തിന് വേണ്ടിയാണ് ജോർജ് വീടൊഴിഞ്ഞ് കൊടുത്തത്.
വനിതകളെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചാലോചിച്ചപ്പോൾ പാർട്ടിയിൽ ഐക്യകണ്ഠേനെ ആദ്യം ഉയർന്ന പേര് റീത്തയുടേതായിരുന്നു. നഗരസഭ ഉപാധ്യക്ഷ, സ്ഥിരം സമിതി അധ്യക്ഷ, പ്രതിപക്ഷ നേതാവ്, ജില്ല പ്ലാനിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഭർത്താവ് പോൾ പാലാട്ടി നേവൽ ബേസ് റിട്ട. ജൂനിയർ ഡിസൈനർ ഓഫീസറാണ്. മെക്കാനിക്കൽ എൻജിനീയർ നിഖിൽ പോൾ, ഡോ. ജിലോട്ട് പോൾ എന്നിവരാണ് മക്കൾ. മരുമകൾ: ഷനൂഷ നിഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

