പുലിയെക്കണ്ട ഭീതി വിട്ടുമാറാതെ അനന്തുവും അർജുനനും മുഹമ്മദലി ചെങ്ങമനാട്
text_fieldsചെങ്ങമനാട്: പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട നിമിഷങ്ങൾ വിറയലോടെയാണ് അനന്തുവും അർജുനനും വിവരിച്ചത്. സമീപവാസികളും ഉറ്റ സുഹൃത്തുക്കളും സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരുമായ ഇരുവരും പുലർച്ച 1.15ഓടെ ലോകകപ്പ് മത്സരം കാണാനും ഗെയിം കളിക്കാനും അർജുനന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മുകൾ ഹാളിലേക്ക് കയറുന്നതിനിടെയാണ് പൊടുന്നനെ ഗർജ്ജനത്തോടെ ഇരുവരുടെയും മുന്നിലേക്ക് ഭീമൻ ജീവിയുടെ ചാടിയത്. മുകളിൽനിന്ന് ഏകദേശം ഏഴ് സ്റ്റെപ്പോളം താഴേക്കായിരുന്നു ചാട്ടം. ഇരുവരും പെട്ടെന്ന് ഇടത്തോട്ട് ചെരിഞ്ഞതിനാലാണ് ദേഹത്ത് വീഴാതിരുന്നത്. മുന്നിൽ നടന്നുകയറിയ അനന്തു ജീവിയെ വ്യക്തമായി കണ്ടില്ലെങ്കിലും ഭീമൻ ജീവിയാണെന്ന് മനസ്സിലായി. എന്നാൽ, അർജുൻ വ്യക്തമായി ജീവിയെ കണ്ടു. അത് സാക്ഷാൽ പുലിതന്നെ എന്നുറപ്പിച്ചു. താഴേക്ക് തെന്നിവീണ ജീവി ചാടിയെഴുന്നേറ്റ് തെക്കോട്ട് ഓടി മതിൽ ചാടി തൊട്ടടുത്ത കാട് മൂടിയ പറമ്പിലൂടെ ഓടി മറയുകയായിരുന്നു.
ജീവിയുടെ ഉന്നം പിഴച്ചതാണ് ഇരുവരുടെയും ജീവന് തുണയായത്. ജീവിയെ നേരിട്ട് കണ്ട അർജുൻ ഭയന്നുവിറച്ച് തളർന്ന അവസ്ഥയിലായിരുന്നു. സമീപവാസികളെയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി. നിമിഷങ്ങൾക്കകം ജനം തടിച്ചുകൂടി പരിസരമാകെ പരിശോധിച്ചെങ്കിലും ജീവിയെ കണ്ടെത്താനായില്ല. നടയിലും വാഴത്തോട്ടത്തിലും മതിലിലും കാൽപാടുകൾ കണ്ടു. പുലിയുടേതെന്ന് സംശയിക്കുന്നതാണ് പാടുകൾ. രാവിലെ വീടിന്റെ മുകളിലെ ഹാളിൽ നടത്തിയ പരിശോധനയിൽ കട്ടിലിൽനിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന രോമങ്ങൾ കണ്ടെടുത്തു. കട്ടിലിനടുത്തെ ചുമരിൽ കാൽപാടുകളും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് വടക്കഞ്ചേരി അഖിലിന്റെ മൂന്ന് വയസ്സുള്ള നായയെയും ആക്രമിച്ചതായി മനസ്സിലായത്. തലനാരിഴക്ക് രക്ഷപ്പെട്ട അർജുനനും അനന്തുവും ഭീതി വിട്ടുമാറാതെയാണ് വനപാലകരോടും നാട്ടുകാരോടും സംഭവം വിവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

