ആലുവയിൽ ദമ്പതികളെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsഷഫീഖ്
ആലുവ: കാറിൽ സഞ്ചരിച്ച ദമ്പതികളെ അക്രമിച്ച് കാറും പണവും തട്ടിയെടുത്ത യുവാവ് പിടിയിൽ. കൊടികുത്തുമല പുത്തൻ പറമ്പിൽ വീട്ടിൽ ഷഫീഖ് (30) നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഒമ്പതിന് ആലുവ അസീസി ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ചൂർണിക്കര പട്ടേരിപ്പുറം പുത്തനങ്ങാടി പി.വി. ജോക്കി (61), ഭാര്യ ഷിനി (53) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കുഞ്ചാട്ടുകരയിൽ വെച്ച് കാർ തന്റെ ബൈക്കിൽ തട്ടിയ ശേഷം നിർത്താതെ പോയി എന്നാരോപിച്ചാണ് കൊടികുത്തുമല പുത്തൻപറമ്പിൽ ഷഫീഖ്, ദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞുവെന്നും കാറോടിച്ച ജോക്കിയെ മർദിക്കുകയും ഭാര്യയെ അസഭ്യം വിളിക്കുകയും ചെയ്തുവെന്നമാണ് പരാതി. ആക്രമിച്ച ശേഷം കാറും അറുപതിനായിരം രൂപയുമായി പ്രതി കടന്നതായും ഇവർ പൊലീസിന് മൊഴി നൽകി.
ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട്, പൈപ്പ്ലൈൻ റോഡിൽ ടയർ പഞ്ചറായ നിലയിൽ കാർ പൊലീസ് കണ്ടെടുത്തു. ആക്രമിക്കപ്പെട്ട ജോക്കി പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലാണ്.

