അഞ്ച് പതിറ്റാണ്ട് മുമ്പ് നടന്ന റിപ്പബ്ലിക് ദിന പരേഡിലെ ഓർമ്മകളുമായി വി.പി. ജോർജ്
text_fieldsവി.പി. ജോർജ് (പരേഡിൽ പങ്കെടുത്ത കാലത്തും, ഇന്നും)
ആലുവ: അഞ്ച് പതിറ്റാണ്ട് മുമ്പ് നടന്ന റിപ്പബ്ലിക് ദിനപരേഡിലെ ഓർമകളുമായി ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ്. വിദ്യാർഥിയായിരിക്കെ, ദൽഹിയിൽ 1973ലെ റിപ്പബ്ലിക് ദിന പരേഡിലാണ് അദ്ദേഹം പങ്കെടുത്തത്.
എൻ.സി.സി കേഡറ്റായിരുന്ന അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. ആലുവ സെൻറ്. മേരിസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയായിരുന്നു അന്ന് വി.പി. ജോർജ്. റിപ്പബ്ലിക് ദിന പരേഡിൽ ഓൾകേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കേരളത്തെ നയിക്കാനുള്ള അസുലഭമായ അവസരമാണ് അന്ന് ലഭിച്ചത്.
ഇതിനായി ദൽഹിയിൽ നീണ്ട രണ്ട് മാസകാലത്തെ കഠിനമായ പരിശീലനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ചരിത്രം ഉറങ്ങുന്ന ദൽഹിയുടെ രാജാവീഥികളിലൂടെ മരംകോച്ചുന്ന തണുപ്പിലും തികച്ചും പട്ടാളചിട്ടയോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടൊപ്പം മാർച്ച് ചെയ്തത്. ആ നിമിഷം ഒരു മലയാളിയായതിൽ അഭിമാനം തോന്നിയതായി അദ്ദേഹം ഓർക്കുന്നു.
പരേഡ് കഴിഞ്ഞ് പിറ്റേ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ, കേരളത്തിൽ നിന്ന് എത്തിയവർക്ക്, പ്രത്യേകം ഇന്ദിര ഗാന്ധിയോടൊപ്പം പ്രാതൽ. അടുത്ത ദിവസം രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ ഔദ്യോഗിക വസതിയിൽ അത്താഴവിരുന്നിലും പങ്കെടുക്കാനായി.
അഞ്ച് ദിവസത്തെ നീണ്ട ട്രെയിൻ യാത്രക്ക് ശേഷമാണ് തിരികെ കേരളത്തിലെത്തിയത്. അന്ന് തങ്ങൾക്ക് തിരുവനന്തപുരത്ത് കേരള ഗവർണർ എൻ.എൻ. വാഞ്ചുവിന്റെ ഔദ്യോഗിക വസതിയിൽ അത്താഴവിരുന്നും, അനുമോദനങ്ങളും ലഭിച്ചതായി അദ്ദേഹം ഓർത്തെടുക്കുന്നു. ഗവർണറുടെ കൈയിൽ നിന്നും ഓൾകേരള ബെസ്റ്റ് കേഡറ്റ് എന്ന നിലയിൽ ലഭിച്ച മെഡലുകൾ ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമച്ചെപ്പിലുണ്ട്. ഇതിനെയെല്ലാം തന്നെപോലുള്ളവരെ പ്രാപ്തരാക്കിയ സെന്റ്. മേരിസ് ഹൈസ്കൂളിലെ എൻ.സി.സി ഓഫിസർ ടി.പി. വർക്കിയെയും ഡൽഹി യാത്രക്ക് ഔദ്യോഗിക അനുമതി നൽകിയ ഹെഡ്മാസ്റ്റർ ടി.എ. പൗലോസിനെയും സ്മരിക്കാതിരിക്കാൻ അദ്ദേഹത്തിനാകുന്നില്ല. ദൽഹി പരേഡിന്റെ 53 വർഷക്കാലം പിന്നിടുമ്പോളും ആ ദിനങ്ങളെ ഓർത്ത് അഭിമാനവും ആനന്ദവും കൊള്ളുകയാണ് വി.പി. ജോർജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

