‘ആലുവ സ്ക്വാഡി’നെ സമ്മാനിച്ച് വിവേക് കുമാർ ജില്ലയിൽനിന്ന് പടിയിറങ്ങുന്നു
text_fieldsറൂറൽ പൊലീസ് മേധാവിയായിരുന്ന വിവേക് കുമാറിന് ജില്ല
പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ നൽകിയ യാത്രയയപ്പ്
ആലുവ: റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ അഭിമാനത്തോടെ ജില്ലയിൽ നിന്ന് പടിയിറങ്ങുന്നു. കേരള പൊലീസിന് അഭിമാനമായി മാറിയ ആലുവ സ്ക്വാഡിനെ സമ്മാനിച്ചാണ് അദ്ദേഹം ജില്ല പൊലീസ് മേധാവിയുടെ സ്ഥാനമൊഴിയുന്നത്. ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയർ വാങ്ങിക്കൊടുത്ത ടീമിനെ നയിച്ച് കേസന്വേഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി സ്ഥാനമേൽക്കാൻ പോകുന്നത്. ആലുവ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.
മൂവാറ്റുപുഴയിൽ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ ഗോപാൽ മാലിക്കിനെ ഒഡീഷയിൽ നിന്നും പിടികൂടിയ സംഭവം, എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടിൽ കുഴിച്ച് മൂടിയത്, ആതിര എന്ന പെൺകുട്ടിയെ അതിരപ്പിള്ളി വനമേഖലയിലെത്തിച്ച് സുഹൃത്ത് കൊലപ്പെടുത്തിയത്, രണ്ടുകോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ പ്രതിയെ കൊൽക്കത്തയിൽ നിന്നും പിടികൂടിയത്, കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ജോസ് മാത്യുവിനെ പിടികൂടിയത് തുടങ്ങിയ കേസുകളുടെയെല്ലാം അന്വേഷണത്തിന് നേതൃത്വം നൽകിയത് വിവേക് കുമാറാണ്. ഇലന്തൂർ നരബലി കേസിൽ കുറ്റപത്രം സമർപ്പിച്ചതും എസ്.പിയുടെ മേൽനോട്ടത്തിലാണ്. കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്. കാപ്പ നിയമം കൂടുതൽ ശക്തമാക്കി.
36 നിരന്തര കുറ്റവാളികളെയാണ് ജയിലിലടച്ചത്. പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം മയക്കുമരുന്ന് കുറ്റവാളിയെ ആദ്യമായി കരുതൽ തടങ്കലിലടച്ചതും റൂറൽ ജില്ലയിലാണ്. ഈ നിയമപ്രകാരം ഒമ്പത് കുറ്റവാളികളെയാണ് കരുതൽ തടങ്കലിലാക്കിയത്. റൂറലിൽ ഒന്നരലക്ഷം അന്തർ സംസ്ഥാന തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചു. ക്ഷേമ പ്രവർത്തന ഭാഗമായി നിരവധി മെഡിക്കൽ ക്യാമ്പുകളും, പഠനോപകരണ വിതരണവും, ബോധവൽക്കരണ ക്ലാസുകളും നടത്തി. സ്കൂളുകളെ കരുതലോടെ സംരക്ഷിക്കാൻ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷക്ക് രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് പദ്ധതി, പെൻഷൻ പറ്റിയ പൊലീസുദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്ക് സമൂഹ മാധ്യമ ഗ്രൂപ്പ് ഇങ്ങനെ നിരവധി പദ്ധതികളാണ് നടക്കുന്നത്.