ദേശീയപാതയോരത്ത് റാലി പോലെ ലോറികൾ
text_fieldsദേശീയപാതയിൽ ഗാരേജ് ഭാഗത്ത് അനധികൃതമായി പാർക്ക് ചെയ്ത ലോറികൾ
ആലുവ: ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികൾക്കെതിരെ നടപടിയെടുക്കുന്നില്ല. ചൂർണിക്കര പഞ്ചായത്ത് അതിർത്തിയിലെ ദേശീയപാതയോരങ്ങളിലാണ് അനധികൃത പാർക്കിങ്. റോഡിലേക്ക് കയറി പാർക്ക് ചെയ്യുന്ന ഇതര സംസ്‌ഥാനത്തേതടക്കമുള്ള ലോറികൾ മറ്റ് യാത്രക്കാർക്ക് ഭീഷണിയാണ്. നിരവധി അപകടങ്ങളാണ് മേഖലയിലുണ്ടായിട്ടുള്ളത്.
അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് വർഷങ്ങളായി പഞ്ചായത്ത് അടക്കമുള്ളവർ പൊലീസിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പൊലീസ് ഇതിന് തയാറാകുന്നില്ലെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്‌റ്റേഷനോട് ചേർന്ന യു ടേൺ പരിസരത്താണ് പടിഞ്ഞാറുഭാഗത്ത് ലോറികൾ പാർക്ക് ചെയ്യുന്നത്.
റോഡരികിലും റോഡിലേക്ക് കയറ്റിയും വാഹനങ്ങൾ ഇടുന്നുണ്ട്. നിരവധി ലോറികളാണ് ഒരേ സമയം ഇത്തരത്തിൽ ഉണ്ടാകാറുള്ളത്. ഇതിൽ പലതും ദിവസങ്ങളോളം കിടക്കാറുമുണ്ട്. വീതി കുറഞ്ഞ പ്രദേശത്തുവരെ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും വഴിവെക്കുന്നു. റോഡിലേക്ക് കയറി കിടക്കുന്ന ലോറികളുടെ പിന്നിൽ ഇരുചക്ര വാഹനങ്ങൾ ഇടിച്ചുകയറി അപകടത്തിൽപ്പെടുന്നത് പതിവാണ്. കൊച്ചി മെേട്രാ കടന്നു പോകുന്നതിനാൽ ഗാരേജ് ഭാഗത്ത് റോഡിന് നല്ല വീതിയുണ്ട്. എന്നാൽ, വാഹനയാത്രക്കാർക്ക് ഇതിന്‍റെ ഗുണം ലഭിക്കുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ലോറികൾ തിരികെ പോകുമ്പോൾ ലോഡ് കിട്ടാനായി ഏജൻസികളുമായി ബന്ധപ്പെട്ട് കാത്ത് കിടക്കും. സ്ഥല സൗകര്യമില്ലാത്ത ഏജൻസികൾ ദേശീയപാതയോരങ്ങളിലാണ് പാർക്ക് ചെയ്യിപ്പിക്കുന്നത്. ഇത്തരം ഏജൻസികളെ സഹായിക്കാനാണ് ലോറികൾക്കെതിരെ നടപടിയെടുക്കാത്തതെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

