തുമ്പിച്ചാലിലേക്ക് വിഷമാലിന്യം ഒഴുക്ക് തകൃതി
text_fieldsവ്യവസായമേഖലയിൽനിന്ന് തുമ്പിച്ചാലിലേക്ക് രാസവസ്തുക്കൾ അടങ്ങിയ മലിനജലം ഒഴുക്കുന്ന തോട്
ആലുവ: പ്രകൃതിദത്ത തടാകമായ കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിലേക്ക് വിഷമാലിന്യം ഒഴുക്കുന്നത് തുടരുന്നു. ഇതു മൂലം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും താമരകൾ കരിഞ്ഞുണങ്ങുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിനെതിരെ കലക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ല.
വ്യവസായ ശാലകളാണ് മത്സക്കുരുതിക്കടക്കം കാരണമെന്ന സത്യം വ്യക്തമായിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പി.സി.ബി അധികൃതരുടേതെന്ന് നാട്ടുകാർ ആരോപിച്ചു. തടാകത്തിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെയും മാലിന്യം പരിശോധിച്ച് സത്യവിരുദ്ധ റിപ്പോർട്ട് എഴുതിയ പി.സി.ബിക്കെതിരെയും നടപടി ആവശ്യപ്പെട്ട് ചാലക്കൽ ഡോ. അംബേദ്കർ ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ ജില്ല കലക്ടർക്ക് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു.
തുമ്പിച്ചാലിലും തുമ്പിച്ചാലേക്ക് വെള്ളം ഒഴുകിയെത്തുന്ന തോടുകളിലും മത്സ്യങ്ങൾ ഉൾപ്പെടെ ചത്തുപൊങ്ങിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും പൊലീസുൾപ്പെടെയുള്ളവരും സ്ഥലത്തെത്തുകയും നിജസ്തിഥി ബോധ്യപ്പെടുകയും ചെയ്തിരുന്നു. അടുത്തദിവസം പി.സി.ബി ഉദ്യോഗസ്ഥർ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് അംഗം ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിതിരുന്നു.
വ്യവസായശാലയിൽനിന്നുളള രാസമാലിന്യ ജലം തോടു വഴി ഒഴുകിയപ്പോൾ അതിൽനിന്നും ചോർന്നുവന്ന വെള്ളം വ്യവസായ മേഖലയിലെ ജോലിക്കാര് താമസിക്കുന്നതിനടുത്തുള്ള ഭാഗത്ത് കൂടി ഒഴികിയിരുന്നു. അതുമൂലം ആ വഴിയിലെ പുല്ലും മരങ്ങളും ഉണങ്ങിപ്പോയിരിക്കുന്നത് താമസിച്ചിരുന്നവർ തന്നെ അന്വേഷണസംഘത്തെ കാണിച്ച് കൊടുത്തതാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം സത്യവിരുദ്ധമായായിരുന്നു ബോർഡിന്റെ പരിശോധന റിപ്പോർട്ടെന്ന് കലക്ടർക്കുള്ള പരാതിയിൽ കുറ്റപ്പെടുത്തിതിയിരുന്നു.
ജൈവ മാലിന്യത്തിന്റെ പ്രവാഹം കൂടുതലായിട്ട് കാണുന്നുണ്ടെന്നും കോളിഫോം ബാക്ടീരിയയും കൂടുതലാണെന്നും കക്കൂസ് മാലിന്യം വെള്ളത്തിൽ കലർന്നതായും തോടുകളിൽ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം ജൈവമാലിന്യത്തിന്റെ പ്രഭാവം കൂടുന്നതായും ഇതുമൂലം ഓക്സിജന്റെ അളവ് കുറയുന്നതായുമാണ് പി.സി.ബിയുടെ കണ്ടെത്തൽ. ഇതുമൂലമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതെന്നുമാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വ്യവസായ മേഖലകളിൽ നിന്നു എടുത്ത സാമ്പിൾ പരിശോധിച്ചതിതെ സംബന്ധിച്ചുള്ള ഒരു കാര്യവും റിപ്പോർട്ടിലുണ്ടായിരുന്നില്ലത്രെ.
ജില്ലയിൽതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നായ തുമ്പിച്ചാൽ കീഴ്മാട് ഗ്രാമവാസികളുടെ കുടിവെള്ളത്തിന്റെ മുഖ്യ ഉറവിടമാണ്. ജില്ല ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപെടുത്തി ശുചീകരിച്ച തടാകം കൂടിയാണ് തുമ്പിച്ചാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

