Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_right...

തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് വികസനം; ഉദ്യോഗസ്‌ഥരുടെ യോഗം ഉടൻ വിളിക്കുമെന്ന് മന്ത്രി 

text_fields
bookmark_border
PA Muhammed Riyas
cancel

ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗം ഉടനെ വിളിക്കുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അൻവർ സാദത്ത് എം.എൽ.എയെ അറിയിച്ചു.

ആലുവ - കളമശേരി നിയോജകമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ആലുവ - ആലങ്ങാട് റോഡിന്‍റെ വീതി കുറഞ്ഞ തോട്ടുക്കാട്ടുകര കവല മുതൽ കടുങ്ങല്ലൂർ വരെയുള്ള ഭാഗം വികസിപ്പിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. റോഡിനാവശ്യമായ സ്‌ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനായി പൊതുമരാമത്ത്, റവന്യൂ വകുപ്പ് മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ ഒരു അടിയന്തിരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജൂൺ മൂന്നിന് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. അതിന്‍റെ അടിസ്‌ഥാനത്തിൽ യോഗം വിളിക്കാമെന്ന് മന്ത്രി സമ്മതിച്ചിരുന്നതാണ്.

2012-13 വർഷത്തെ ബഡ്ജറ്റിൽ ഈ ജോലിക്ക് 455 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 2012 ഒക്ടോബർ 26 ലെ സർക്കാർ ഉത്തരവ് ജി.ഒ (ആർ.ടി) നമ്പർ 1973/2012/പി.ഡബ്ല്യു.ഡി പ്രകാരം ഭരണാനുമതി ലഭിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഇൻവെസ്‌റ്റിഗേഷൻ നടത്തി അലൈൻമെൻറ് തയ്യാറാക്കിയ ഈ പദ്ധതിയിൽ നാളിതു വരെയായിട്ടും ഭൂമി ഏറ്റെടുക്കൽ നടപടികൾ നടത്തിയിട്ടില്ലെന്നും ആ കത്തിൽ സൂചിപ്പിരുന്നു. എന്നാൽ ഇന്നുവരെയായിട്ടും ഇതിനായി യോഗം വിളിച്ചു കൂട്ടിയില്ല.

വ്യവസായ മന്ത്രി പി. രാജീവും ഒരു യോഗം വിളിക്കാമെന്നു പറഞ്ഞിട്ടും അതും നടന്നില്ല. ഇതേ തുടർന്ന് അൻവർ സാദത്ത് എം.എൽ.എ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വീണ്ടും കത്തു നൽകി. ഈ പദ്ധതി വൈകുന്നതിലൂടെ ഈ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്കു മൂലം കഷ്ടപ്പെടുന്ന പ്രദേശവാസികളുടേയും, ഈ റോഡിലൂടെ യാത്ര ചെയ്യുന്നവരുടേയും പ്രതിഷേധം എം.എൽ.എ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

ഇതിന്‍റെ അടിസ്‌ഥാനത്തിൽ, ഈ റോഡിലെ ഗതാഗത കുരുക്കിന്‍റെ കാര്യം പരിഗണിച്ച് പി.ഡബ്ല്യു.ഡി, റവന്യൂ, മറ്റു ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്‌ഥർ എന്നിവരുടെ അടിയന്തിരയോഗം എത്രയും വേഗം വിളിച്ചു ചേർത്ത് പദ്ധതി തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു. ആലുവ നഗരസഭയിലും കടുങ്ങല്ലൂർ പഞ്ചായത്തിലുമായുള്ള രണ്ട് കിലോമീറ്റർ റോഡാണ് വീതി കൂട്ടാനുള്ളത്.

2013ൽ സർവേ ആരംഭിച്ചെങ്കിലും വീതി കൂട്ടേണ്ട അളവിനെക്കുറിച്ച് തർക്കം ഉടലെടുക്കുകയായിരുന്നു. പത്തുമീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ഭൂമി നഷ്ടപ്പെട്ടവരുടെയും സമീപവാസികളുടെയും കൂട്ടായ്മ അവശ്യപ്പെട്ടപ്പോൾ 15 മീറ്റർ വേണമെന്ന് എടയാർ മേഖലയിലുള്ള വ്യവസായികൾ ആവശ്യപ്പെട്ടു. ഇതിനായി രൂപീകരിച്ച ഉപസമിതിയും ഏഴുമീറ്റർ വീതിയുള്ള റോഡ് പത്തുമീറ്റർ മതിയെന്നാണ് ശുപാർശ ചെയ്തത്.

ആലുവ നഗരസഭ ചെയര്‍മാന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ്, ആലങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡൻറ്‌, ഭൂമി നഷ്ടപ്പെടുവരുടെ പ്രതിനിധി എന്നിവരടങ്ങുന്നതായിരുന്നു ഉപസമിതി. റോഡിന്‍റെ വീതി പത്തുമീറ്റർ എന്ന നിലയിൽ ഉടന്‍ തന്നെ സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. ദേശീയപാതയിലെ തോട്ടക്കാട്ടുകര മുതല്‍ പെരിക്കപ്പാലം വരെ പത്തുമീറ്റര്‍ അളവ്‌ അടിസ്‌ഥാനമാക്കി മാര്‍ക്ക്‌ ചെയ്തു.

എന്നാൽ, ഒരു സംഘം ആളുകൾ 15 മീറ്റര്‍ വീതി എന്ന ആവശ്യവുമായി പെരിക്കപ്പാലം മുതല്‍ കടുങ്ങല്ലൂര്‍ വരെ അളവ്‌ തടസപ്പെടുത്തി. 15 മീറ്ററില്‍ വികസനം വന്നാല്‍ 150 ഓളം വീടുകള്‍ പൂര്‍ണ്ണമായി ഇല്ലാതാവുകയും പലരുടെയും കച്ചവടസ്‌ഥാപനങ്ങള്‍ പൊളിച്ച്‌ മാറ്റേണ്ട അവസ്‌ഥ ഉണ്ടാവുകയും ചെയ്യുമെന്നാണ് ഉപസമിതി ചൂണ്ടിക്കാട്ടിയത്. 11.25 മീറ്ററിൽ നിർമാണം നടത്താമെന്ന് ധാരണയായതിനെ തുടർന്ന് 2016ൽ പൊതുമരാമത്ത് വകുപ്പ് സർവേ പൂർത്തിയാക്കി. എന്നാൽ, തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയായിരുന്നു. നിലവിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road developmentThottakattukara
News Summary - Thottakattukara-Kadungallur road development
Next Story