വീട് കുത്തിത്തുറന്ന് 20 പവൻ കവർന്നു
text_fieldsകരുമാല്ലൂർ: ആലുവ -പറവൂർ റൂട്ടിൽ കരുമാല്ലൂർ തട്ടാംപടി ബസ്സ്റ്റോപ്പിന് സമീപം പ്രധാന റോഡിനോട് ചേർന്ന വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു. മേനാച്ചേരി എം.സി. വർഗീസിെൻറ വീട്ടിലാണ് കവർച്ച നടന്നത്. വൃക്കരോഗ ബാധിതനായ വർഗീസ് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് പോയി വ്യാഴാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. പുലർച്ച 4.20ന് ഭാര്യ മേരിയുമൊന്നിച്ചാണ് ആശുപത്രിയിൽ പോയത്.
രാവിലെ 11ഓടെ തിരികെയെത്തി. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ അലമാര തുറന്നു കിടക്കുന്നതും വസ്ത്രങ്ങളും മറ്റും വാരി നിലത്തിട്ടിരിക്കുന്നതും ഭാര്യ മേരിയുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ നഷ്ടമായത് അറിയുന്നത്. അലമാരയുടെ താക്കോൽ തൊട്ടടുത്ത മുറിയിൽ മേശയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് അലമാരയുടെ ലോക്കറിൽനിന്ന് ആഭരണങ്ങൾ കവർന്നത്. വർഗീസും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മക്കളിൽ ഒരാൾ അമേരിക്കയിലും മറ്റൊരു മകൻ ആസ്ട്രേലിയയിലുമാണ്.
രണ്ട് സ്ത്രീകൾ വീട്ടിൽ ജോലിക്കാരായി ഉണ്ട്. ഇവർ ദിവസവും രാവിലെ വന്ന് ജോലി കഴിഞ്ഞ് പോകുന്ന രീതിയാണ്. വീട്ടുടമകളിൽനിന്നും ജോലിക്കാരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒമ്പത് പവെൻറ ബ്രേസ്ലെറ്റ്, ആറുപവെൻറ മാല, ഒരു പവെൻറ മാല, രണ്ട് പവെൻറ വള, ഒരു പവെൻറ അരഞ്ഞാണം, ഒരു പവെൻറ സ്വർണനാണയം എന്നിവയാണ് നഷ്ടമായത്. സമീപത്തെ സി.സി ടി.വി കാമറകളും പരിശോധിെച്ചങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പ്രഫഷനൽ കവർച്ചക്കാരെല്ലന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരുടെ പരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. കൈയുറകൾ ഉപയോഗിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് സൂചന. ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

