ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ശിൽപി ബിൽ അടക്കാൻ കഴിയാതെ ആശുപത്രിയിൽ കഴിയുന്നു
text_fieldsആലുവ: ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ശിൽപി ബിൽ അടക്കാൻ കഴിയാതെ ആശുപത്രിയിൽ തന്നെ കഴിയുന്നു. കീഴ്മാട് സ്വദേശിയും ദലിത് പ്രവർത്തകനുമായ ശിവൻ മുതിരക്കാടാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും സുഖംപ്രാപിച്ചിട്ടും ഡിസ്ചാർജിന് പണമില്ലാതെ വിഷമിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ പാർക്കുകളിലും റിസോർട്ടുകളിലും നിരവധി ശിൽപങ്ങൾ ഇദ്ദേഹം തീർത്തിട്ടുണ്ട്.
ലോക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പൊടുന്നനെയാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടർന്ന് പരിശോധനയിൽ 99 ശതമാനം ബ്ലോക്ക് കണ്ടെത്തിയതിനാൽ അടിയന്തര ചികിത്സ വേണ്ടിവന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൻവർ സാദത്ത് എം.എൽ.എ പട്ടികജാതി പട്ടികവകുപ്പിലേക്ക് ചികിത്സ സഹായത്തിന് ശിപാർശ നൽകിയെങ്കിലും സഹായധനം ലഭിക്കാൻ കാലതാമസമുണ്ടാകും.
മാസങ്ങളായി ബില്ലടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതിയും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സാ ഫീസായി ആശുപത്രിയിൽ അടക്കേണ്ടത്. സുമനസ്സുകൾ സഹായം നൽകുമെന്ന പ്രതീക്ഷയിലാണിദ്ദേഹം. ഇതിനായി സഹോദരി പി.കെ. ഗീതയുടെ പേരിൽ ചികിത്സാസഹായത്തിന് എസ്.ബി.ഐ ആലുവ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 35402306455ഐ.എഫ്.എസ്.സി: SBIN 0007016. വിവരങ്ങൾക്ക് ഫോൺ: 9746375488