ലോക്ഡൗൺ മൂലം ജീവിക്കാൻ കഴിയുന്നില്ലെന്ന്; ആത്മഹത്യ ഭീഷണിയുമായി മൊബൈൽ ടവറിൽ കയറി ഓട്ടോ ഡ്രൈവർ
text_fieldsആത്മഹത്യഭീഷണിയുമായി മൊബൈൽ ടവറിൽ കയറിയ മനോജ് കുമാർ
ആലുവ: ലോക്ഡൗൺ മൂലം ജീവിക്കാൻ കഴിയുന്നില്ലെന്ന് വിലപിച്ച് ആത്മഹത്യഭീഷണിയുമായി മൊബൈൽ ടവറിൽ കയറിയ ആളെ അനുനയിപ്പിച്ച് താഴെയിറക്കി. ഏലൂക്കരയിൽ ഞായറാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഓട്ടോ ഡ്രൈവറായ മനോജ് കുമാറാണ് (അയ്യപ്പൻ) ആത്മഹത്യഭീഷണിയുമായി മൊബൈൽ ടവറിൽ കയറിയത്. ടവറിനു മുകളിലെത്തിയ മനോജ് കുമാർ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിക്കുന്നുണ്ടായിരുന്നു.
നാട്ടുകാർ ബിനാനിപുരം പൊലീസിനെയും ഏലൂർ അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിട്ടും താഴെ ഇറങ്ങാൻ മനോജ് തയാറായില്ല. മനോജിെൻറ കൈയിൽ പെട്രോളും തീപ്പെട്ടിയുമുണ്ടായിരുന്നത് കൂടുതൽ ആശങ്ക പരത്തി. മണിക്കൂറുകൾ നീണ്ട അനുനയ ശ്രമത്തിനൊടുവിൽ മനോജ് താഴെയിറങ്ങുകയായിരുന്നു.
മൂന്നുമണിക്കൂറോളം നീണ്ട ആശങ്കക്കൊടുവിലാണ് മനോജ് കുമാറിനെ താഴെയിറക്കിയത്. ലോക്ഡൗൺ കാലത്ത് താൻ പട്ടിണിയാണെന്നും ദുരിതത്തിലാണെന്നും ജീവിക്കാൻ വഴിയില്ലെന്നും അത് പരിഹരിക്കാതെ താഴെയിറങ്ങില്ലെന്നുമാണ് മനോജ് പറഞ്ഞിരുന്നത്. താഴെയിറങ്ങിയ മനോജിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

