ലെവൽ ക്രോസിലെ ഗേറ്റ് അടച്ചില്ല; ട്രെയിനുകൾ നിർത്തിയിട്ടു
text_fieldsആലുവ ഗാരേജിന് സമീപം ലെവൽ ക്രോസിൽ റെയിൽവേ ഗേറ്റ് അടക്കാത്തതിനാൽ ട്രെയിൻ നിർത്തിയിട്ടപ്പോൾ
ആലുവ: ട്രെയിനുകൾ കടന്നുപോകുന്ന സമയത്ത് ലെവൽ ക്രോസിലെ ഗേറ്റ് അടച്ചില്ല. അപകടം മനസ്സിലാക്കി ട്രെയിനുകൾ നിർത്തിയിട്ടു. ആലുവ ഗാരേജിന് സമീപത്തെ റെയിൽവേ ഗേറ്റിൽ തിങ്കളാഴ്ച വൈകീട്ട് 6.30നാണ് സംഭവം.കന്യാകുമാരി-ബംഗളൂരു, പാലക്കാട്-പുനലൂർ ട്രെയിനുകൾ ഇരുദിശയിലും കടന്നുപോകുന്ന സമയത്താണ് റെയിൽവേ ഗേറ്റ് തുറന്നുകിടന്നത്. എൻജിൻ ഡ്രൈവർമാർ ദൂരെനിന്ന് വാഹനങ്ങൾ കടന്നുപോകുന്നത് കണ്ടതോടെ ഗേറ്റിന് തൊട്ട് മുമ്പായി തുടർച്ചയായി സൈറൺ മുഴക്കി ട്രെയിൻ നിർത്തി.
ഈ സമയത്തും വാഹനങ്ങളും ആളുകളും ലെവൽക്രോസ് കടന്നുപോകുന്നുണ്ടായിരുന്നു.സൈറൺ കേട്ടശേഷമാണ് ട്രെയിൻ ഗേറ്റിനു സമീപം നിർത്തിയിട്ട വിവരം ഗേറ്റ് കീപ്പർ അറിഞ്ഞതത്രേ. ഇതേതുടർന്ന് വാഹനങ്ങൾ വേഗം കടത്തിവിട്ട് ഗേറ്റ് അടച്ചു.
ഇതിന് ശേഷമാണ് ട്രെയിനുകൾ കടന്നുപോയത്. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവാകുകയായിരുന്നു. എന്നാൽ, ട്രെയിനുകൾ വരുന്നതായുള്ള അറിയിപ്പ് തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ഗേറ്റ് കീപ്പർ പറയുന്നത്.