അങ്കമാലി: ആറാം ക്ലാസ് വിദ്യാർഥിയെ ഷോട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ വീട്ടിൽ രാജുവിനെയാണ് (50) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമയിലടക്കം അഭിനയിക്കാൻ അവസരമുണ്ടാക്കി തരാമെന്ന വാഗ്ദാനത്തിൽ കുട്ടിയുടെ വീട്ടിൽനിന്ന് ബൈക്കിൽ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ വീട്ടിലെത്തിച്ചതെങ്കിലും അസ്വസ്ഥനായ കുട്ടി വീട്ടുകാരോട് ഉണ്ടായ സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞു. തുടർന്ന് വീട്ടുകാർ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.എം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ പി.ജെ. കുര്യാക്കോസ്, എം.ബി. റഷീദ്, എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.