മത്സരയോട്ടം; നടുറോഡിൽ ബസ് നിർത്തിജീവനക്കാർ തമ്മിൽ സംഘർഷം
text_fieldsസിറ്റി ബസ് ജീവനക്കാരൻ മറ്റൊരു ബസിന്റെ മിറർ തല്ലിത്തകർക്കുന്നു
ആലുവ: സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നടുറോഡിൽ സിറ്റി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഓട്ടത്തിനിടെ ഒരു ബസ് മറ്റൊന്നിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ മറ്റേ ബസിന്റെ സൈഡ് മിറർ അടിച്ച് തകർക്കുകയും തർക്കം കൈയാങ്കളിയിൽ എത്തുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 7.45ന് ദേശീയപാത സർവിസ് റോഡിൽ ആലുവ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. പെരുമ്പടപ്പ്-ആലുവ റൂട്ടിലോടുന്ന ബസും പൂത്തോട്ട -ആലുവ റൂട്ടിലോടുന്ന ബസും തമ്മിലായിരുന്നു മത്സരം. ആലുവ ഭാഗത്തേക്ക് വരുകയായിരുന്നു ഇരുബസും. രാവിലെയായതിനാൽ യാത്രക്കാർ കൂടുതലായിരുന്നു.
ഇരു ബസും എറണാകുളം മുതൽ മത്സരിച്ചാണ് ഓടിയിരുന്നത്. മത്സരം മുറുകിയതോടെ ജീവനക്കാർ തമ്മിൽ കളമശ്ശേരി മുതൽ വാക്കേറ്റം തുടങ്ങി. ആലുവ മാർക്കറ്റിനടുത്തെത്തിയപ്പോഴാണ് ബസ് കുറുകെ നിർത്തിയിറങ്ങിയ ജീവനക്കാരൻ മറ്റെ ബസിന്റെ സൈഡ് മിറർ അടിച്ചു തകർത്തത്. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി. ആക്രമണം കഴിഞ്ഞ ശേഷം ബസുകൾ യാത്ര തുടർന്നു.

