പെരിയാറിലെ മണൽക്കൊള്ള; കർശന നടപടിക്ക് പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
ആലുവ: പെരിയാറിൽ മണൽക്കൊള്ള വീണ്ടും ശക്തമായി. പുഴയിൽ നിന്ന് അനധികൃത മണൽവാരൽ തകൃതിയാണ്. ആലുവയിലെയും പരിസര പ്രദേശങ്ങളിലേയും കടവുകൾ കേന്ദ്രീകരിച്ചാണ് മണൽ വാരി കടത്തുന്നത്. ഇതോടെ, മണൽക്കൊള്ള തടയാൻ കർശന നടപടിക്ക് പൊലീസ് ഒരുങ്ങുകയാണ്. രാത്രി സമയങ്ങളിൽ പുഴയിൽനിന്ന് വാരി കടവുകളിലെത്തിക്കുന്ന മണൽ അവിടെ നിന്ന് ടിപ്പർ ലോറികളിലാണ് കടത്തുന്നത്. കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തിൽ കൂടുതലായും മണൽ കടത്തുന്നത്. ലക്ഷകണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിനെ മണൽ മാഫിയ കൊല്ലുന്നത് തുടരുമ്പോഴും അധികൃതർ കണ്ണടക്കുകയാണെന്ന ആക്ഷേപം നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഉയർത്തിയിരുന്നു. തുടർന്നാണ് മണൽ കടത്ത് തടയാൻ പൊലീസ് ശക്തമായ നടപടികളെടുക്കാൻ നീങ്ങുന്നത്.
ആലുവ മണപ്പുറവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മണൽ വാരൽ കൂടുതലായി നടക്കുന്നത്. ചൂർണിക്കര പഞ്ചായത്തിലെ ആളൊഴിഞ്ഞ കടവുകളിൽ മണൽവാരി കുന്നുകൂട്ടാറുണ്ട്. ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര മേഖലകളിലും മണൽ കടത്തുകാർ ശക്തമാണ്. പരുന്തിറാഞ്ചി മണപ്പുറവും മണൽ മാഫിയ നശിപ്പിക്കുകയാണ്. ചെങ്ങമനാട്, കുന്നുകര, കരുമാലൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും അനധികൃത മണൽ വാരൽ തകൃതിയായി നടക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ ഈ വിഷയത്തിൽ പുലർത്താത്തതുകൊണ്ടാണ് ഇത്തരത്തിൽ മണൽ കൊള്ള നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ലോഡ് കണക്കിന് മണലാണ് നിത്യേന അനധികൃതമായി കടത്തുന്നത്. നിരവധി വഞ്ചികളുപയോഗിച്ച് പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മണൽ വാരുന്നുണ്ട്.
പുഴയിൽ നിന്ന് രാത്രികാലങ്ങളിൽ വാരുന്ന മണൽ വിവിധ കടവുകളിലാണ് എത്തിക്കുന്നത്. ഇവിടെനിന്ന് വലുതും ചെറുതുമായ ലോറികളിൽ രാത്രി തന്നെ കടത്തുകയാണ്. അനധികൃതമായി മറ്റു ജില്ലകളിലേക്ക് വരെ സുരക്ഷിതമായി മണൽ കടത്താൻ കഴിയുന്നത് പലരുടേയും ഒത്താശയോടെയാണെന്നാണ് ആക്ഷേപം. നിത്യേന നിരവധി വഞ്ചികളിൽ രാത്രിയിൽ, അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണൽവാരി കൊണ്ടുപോകുന്നുണ്ട്. പുഴയിൽ നിന്ന് വാരുന്നതിന് പുറമെ തീരങ്ങളിൽ അടിഞ്ഞുകൂടിയ മണലും കടത്തുന്നുണ്ട്. മണൽ വാരൽ തടയാൻ, കൊള്ളക്കാർക്കെതിരെ കൂടുതൽ കർശനമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാനും നീക്കമുള്ളതായി അറിയുന്നു.
മണൽക്കൊള്ള നടത്തുന്നവർകെതിരെ മോഷണ കേസിനുള്ള വകുപ്പ് ചേർത്താണ് കേസെടുക്കുന്നത്. കൂടാതെ പിടിച്ചെടുക്കുന്ന വഞ്ചികൾ പൊളിച്ചുകളയുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച പുലർച്ചെ അനധികൃതമായി മണൽ വാരിയ രണ്ട് വഞ്ചികൾ പിടിച്ചെടുത്തിരുന്നു. പൊലീസിനെ കണ്ട് വഞ്ചിയിലുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

