അങ്കമാലിയിൽ റോജിയുടെ പ്രചാരണം ആത്മീയ നിറവിൽ
text_fieldsയു.ഡി.എഫ് സ്ഥാനാര്‍ഥി റോജി എം.ജോണ്‍ എളവൂര്‍ ശ്രീപുത്തന്കാവ് ഭഗവതി ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോൾ
അങ്കമാലി: ഈസ്റ്ററിനോടനുബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി റോജി എം. ജോൺ അങ്കമാലി സെന്റ് ജോര്‍ജ് ബസ് ലിക്കയില്‍ പാതിര കുര്‍ബാനയിലും ഉയിര്‍പ്പ് ശുശ്രൂഷയിലും പങ്കെടുത്തു. കിടങ്ങൂര്‍ ഉണ്ണി മിശിഹാ പള്ളിയിലും അങ്കമാലി ബ്രദറണ്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചിലും മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി.
ഓള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് (എ.ഐ.പി.സി) സംഘടിപ്പിച്ച മൈക്രോ സ്മോള്‍ ആൻഡ് മീഡിയം എന്റര്‍പ്രൈസസ് (എം.എസ്.എം.ഇ) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുമായി സംഘടിപ്പിച്ച സംവാദ പരിപാടിയിലും പങ്കെടുത്തു. എ.ഐ.പി.സി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് സുധാകര്‍ സുന്ദര്‍വേല്‍ മുഖ്യാതിഥിയായി. തുടർന്ന് എളവൂര്‍ ശ്രീപുത്തന്കാവ് ഭഗവതി ക്ഷേത്രോത്സവത്തിലും പങ്കെടുത്തു.ദുഃഖ വെള്ളിയാഴ്ചയും ശനിയാഴ്ചയും റോജി വിവിധ ദേവാലയങ്ങളിലെ തിരു കര്‍മങ്ങളില്‍ സംബന്ധിച്ചു. മലയാറ്റൂര്‍ മലകയറ്റത്തോടെയായിരുന്നു തുടക്കം. പെസഹാ വ്യാഴാഴ്ച രാത്രിയിൽ മലയാറ്റൂര്‍ മല കയറി. വെള്ളിയാഴ്ച അങ്കമാലി സെന്റ് ജോര്‍ജ് ബസി ലിക്കയില്‍ കുര്‍ബാനയിലും നഗരി കാണിക്കല്‍ ശുശ്രൂഷയിലും സംബന്ധിച്ചു. അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുനോറോ കത്തീഡ്രലിലും മറ്റൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലും ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളിലും സംബന്ധിച്ചു. ഉച്ചകഴിഞ്ഞ് മലയാറ്റൂര്‍ പള്ളിയിലും മഞ്ഞപ്ര, മൂക്കന്നൂര്‍ ഫൊറോന പള്ളികളിലും നടന്ന പരിഹാര പ്രദക്ഷിണങ്ങളിലും പങ്കാളിയായി.
ആവേശക്കുതിപ്പായി സാജു പോളിന്റെ സൈക്കിൾ യാത്ര
അങ്കമാലി: മലയാറ്റൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോൾ നയിച്ച സൈക്കിൾ റാലി ആവേശം പകർന്നു. വിശിഷ്ടാതിഥിയായി ദേശീയ സൈക്ലിങ് ചാമ്പ്യൻ സേതുലക്ഷ്മി സ്ഥാനാർഥിയെ അനുഗമിച്ചു. നൂറ് കണക്കിന് പ്രവർത്തകർ അണി നിരന്ന, കോടനാട് പാലത്തിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കാലടി ശ്രീ ശങ്കരാ പാലത്തിലാണ് സമാപിച്ചത്.
സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ.സി. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിൾ സവാരിയിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രം ആലേഖനം ചെയ്ത ബനിയൻ അണിഞ്ഞായിരുന്നു പ്രവർത്തകരും നേതാക്കളും അണിനിരന്നത്.
മലയാറ്റൂർ മുതൽ കാലടി വരെയുള്ള ഒമ്പത് കിലോമീറ്റർ നീണ്ട യാത്രയിൽ പ്രധാന കവലകളിലെല്ലാം വോട്ടർമാർ സ്ഥാനാർഥിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
സമാപനകേന്ദ്രമായ കാലടിയിൽ മുൻ മന്ത്രി ജോസ് തെറ്റയിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മറ്റി അംഗം അഡ്വ. കെ. തുളസി, നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, അങ്കമാലി ഏരിയ സെക്രട്ടറി കെ.പി. റജീഷ്, സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എം. മുകേഷ്, സെബാസ്റ്റ്യൻ കന്നപ്പള്ളി, മനോജ് നാൽപ്പാടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

