ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsആലുവ: ഇൻകം ടാക്സ് ഓഫിസർമാർ ചമഞ്ഞ് ആലുവയിൽനിന്ന് സ്വർണവും പണവും തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി ഉൾപ്പെടെയുള്ള 23 അംഗ സംഘമാണ് അന്വേഷണത്തിനുള്ളത്.
സംഭവം നടന്ന വീട്ടിൽ എസ്.പി പരിശോധന നടത്തി. ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ബാങ്ക് കവലയിൽ സ്വർണാഭരണങ്ങൾ നിർമിച്ച് വിൽക്കുന്നയാളുടെ വീട്ടിൽ കവർച്ച നടന്നത്. ആലുവ ബാങ്ക് കവലയിൽ വർഷങ്ങളായി താമസിക്കുന്ന സഞ്ജയുടെ വീട്ടിലാണ് കവർച്ച നടന്നത്. 42 പവനും 1,80,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാവിലെ 11.30ഓടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. സമീപത്തെ സ്ഥലങ്ങളിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നാലുപേർ പോകുന്നത് പതിഞ്ഞിട്ടുണ്ട്. ഇവരെല്ലാം മധ്യവയസ്കരാണ്. ഇവരോടൊപ്പം വേറെ രണ്ടുപേർ അടുത്തേക്ക് എത്തുന്നതും കാണാം. ചെറിയ ഇടവഴിയിൽ, തിരക്കുള്ള ഹോട്ടലിനടുത്തുള്ള വീട്ടിൽ മണിക്കൂറുകൾ ചെലവഴിച്ചാണ് കവർച്ച നടത്തിയത്. ഇക്കാര്യങ്ങളിലും ദുരൂഹതകൾ ഉള്ളതായും സംശയിക്കുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. ചിത്രങ്ങളിൽ വ്യക്തത കുറവാണ്. അതിനാൽ തന്നെ ചിത്രങ്ങൾ വിശദമായി പരിശോധിക്കേണ്ടിവരും. പ്രതികളെ ഉടൻ കുടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
സംഘം കടന്നത് സ്വകാര്യ ബസിൽ
ആലുവ: ഞായറാഴ്ച ആലുവയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണവും പണവും തട്ടിയ സംഘം കടന്നത് സ്വകാര്യ ബസിൽ. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നഗരത്തിലെ വിവിധ സി.സി.ടി.വികളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലംഗ സംഘത്തിലെ മൂന്ന് പേർ ടെമ്പിൾ റോഡ് വഴി പഴയ ഫെഡറൽ ബാങ്ക് ഓഫിസിന് മുന്നിലെത്തിയതായി കണ്ടു. തുടർന്ന് ഇവിടെനിന്ന് സ്വകാര്യ ബസിൽ കയറിയതായും കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുനിന്ന് പിരിഞ്ഞിരുന്നു. അതിനാൽ തന്നെ പരിസരത്തുള്ളവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 40 വയസ്സിന് മുകളിൽ തോന്നിക്കുന്നവരാണ് പ്രതികളെല്ലാം. സംഭവ സമയം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാലുപേരും ഒന്നര മണിക്കൂറോളം സ്ഥലത്ത് ചെലവിട്ടതിനാൽ മൊബൈൽ സിഗ്നൽ വിവരങ്ങൾ നിർണായകമാകും. നേരത്തേ പെരുമ്പാവൂരിലും കുട്ടമശ്ശേരിയിലും കമ്പനി ഉദ്യോഗസ്ഥർ ചമഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

