റോഡ് പൊളിച്ചിടും നന്നാക്കില്ല
text_fieldsകുടിവെള്ള കണക്ഷനുവേണ്ടി കീഴ്മാട് പഞ്ചായത്തിൽ പൊളിച്ച റോഡുകളിലൊന്ന്
ആലുവ: പുതിയ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിന്റെ പേരിൽ പുതുതായി ടാർ ചെയ്ത റോഡുകൾ വരെ നശിപ്പിക്കുന്നു. കീഴ്മാട് പഞ്ചായത്തിലെ പുതിയതും പഴയതുമായ നിരവധി പ്രാദേശിക റോഡുകളാണ് ഇങ്ങനെ തകർന്നത്.
ജൽ ജീവൻ പദ്ധതിയിലാണ് പഞ്ചായത്തിൽ എല്ലാ വാർഡിലും കുടിവെള്ള കണക്ഷനുകൾ സൗജന്യമായി നൽകുന്നത്. ഇതിനായി വിവിധ പ്രാദേശിക റോഡുകൾക്ക് കുറുകെ കണക്ഷൻ കൊടുക്കേണ്ടതുണ്ട്.
ഇങ്ങനെ റോഡുകൾ പൊളിച്ചാൽ കോൺക്രീറ്റ് ചെയ്യണമെന്നാണ് നിയമം. എന്നാൽ, ഒരു റോഡിലും ഈ രീതിയിൽ കോൺക്രീറ്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അടുത്തകാലത്ത് നിർമിച്ച പുതിയ റോഡുകൾ വരെ ഈ രീതിയിൽ പൊളിച്ചിട്ടിരിക്കുകയാണ്.
പൊളിച്ച റോഡുകളിൽ കുറച്ചു മണ്ണിട്ട് മൂടുകയില്ലാതെ വേറൊന്നും ചെയ്തിട്ടില്ല. പൊളിച്ചിട്ടിരിക്കുന്ന ഭാഗത്തുനിന്ന് ടാർ ഇളകി ഇനിയും റോഡുകൾ തകരാൻ സാധ്യത കൂടുതലാണ്. പഞ്ചായത്തിലെ എല്ലാ വാർഡിലും ഇതുതന്നെയാണ് സ്ഥിതി. ഒരു റോഡിൽതന്നെ നിരവധി കണക്ഷൻ നൽകിയിരിക്കുന്നതിനാൽ ഓരോ റോഡിലും പലയിടങ്ങളിലായാണ് പൊളിച്ചിരിക്കുന്നത്.

