ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി പാർക്കിങ് ഏരിയ വീണ്ടും വെട്ടിച്ചുരുക്കാൻ നീക്കം
text_fieldsആലുവ: റെയിൽവേ സ്റ്റേഷനിൽ അംഗീകൃത ടാക്സികൾക്കായി അനുവദിച്ച പാർക്കിങ് ഏരിയ വീണ്ടും വെട്ടിച്ചുരുക്കാൻ നീക്കം. വികസനത്തിന്റെ മറവിലാണ് ടാക്സികളെ ഒഴിവാക്കാൻ നീക്കം നടക്കുന്നതത്രെ. റെയിൽവേ അംഗീകൃത പാസുള്ള 35 ടാക്സികൾ ഉണ്ടെങ്കിലും നിലവിൽ 17 വാഹനങ്ങൾക്ക് പാർക്കിങ്ങിനുള്ള സൗകര്യമാണുള്ളത്. ഇതിനിടയിൽ ഏപ്രിൽ മുതൽ 10 വാഹനങ്ങൾക്കായി പാർക്കിങ് ചുരുക്കാനാണ് നീക്കം. മറ്റ് വാഹനങ്ങൾ പുറത്തെവിടെയെങ്കിലും പാർക്ക് ചെയ്ത ശേഷം ടേൺ ആകുമ്പോൾ സ്റ്റേഷനിലേക്ക് വന്നാൽ മതിയെന്നാണ് റെയിൽവേയുടെ നിലപാട്.
ഇടുക്കി ജില്ലയുടെ ബോർഡിങ് സ്റ്റേഷനായ ആലുവ സ്റ്റേഷൻ റെയിൽവേക്ക് വലിയ വരുമാനം നൽകുന്ന പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. നേരത്തെ ട്രെയിൻ ഇറങ്ങി യാത്രക്കാർ പുറത്തേക്ക് വരുന്നിടത്ത് റെയിൽവേ പാസുള്ള മുഴുവൻ വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സൗകര്യം വെട്ടിച്ചുരുക്കി. നാല് വർഷം മുമ്പ് ടൂവീലർ വാടകക്ക് നൽകുന്ന സംവിധാനം ഏർപ്പെടുത്തിയ റെയിൽവേ കരാറുകാർക്ക് വാഹന പാർക്കിങ്ങിനും കിയോസ്ക് സ്ഥാപിക്കാനും സ്ഥലം നൽകിയതോടെ ടാക്സി സ്റ്റാൻഡ് വീണ്ടും ചുരുങ്ങി. ടാക്സി സ്റ്റാൻഡ് വീണ്ടും വെട്ടിച്ചുരുക്കി വാഹന പാർക്കിങ് കരാറുകാർക്ക് നൽകി പണം സമ്പാദിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്ന് ആരോപിക്കപ്പെടുന്നു. ദീർഘദൂര ട്രെയിനുകൾ വരുമ്പോൾ യാത്രക്കാർക്ക് പലപ്പോഴും ടാക്സികൾ കിട്ടാത്ത സാഹചര്യമുണ്ട്. പാർക്കിങ് സൗകര്യമില്ലാത്തതിനാൽ കൂടുതൽ വാഹനങ്ങൾക്ക് പെർമിറ്റ് കൊടുക്കാൻ കഴിയാത്ത സാഹചര്യവുമാണ്. ഇതിനിടയിലാണ് പാർക്കിങ് ഏരിയ വെട്ടിച്ചുരുക്കുന്നത്.
മൾട്ടി ലെവൽ പാർക്കിങ് സൗകര്യം ആരംഭിക്കുന്നു
റെയിൽവേ സ്റ്റേഷനിൽ ബി.ഒ.ടി വ്യവസ്ഥയിൽ മൾട്ടി ലെവൽ പാർക്കിങ് സൗകര്യം ആരംഭിക്കുന്നുണ്ട്. സ്റ്റേഷന്റെ വലത് വശത്തായി 1415 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് നിലകളിൽ 2000 ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ലക്ഷ്യം. കൊച്ചി സ്വദേശി ലത്തീഫാണ് കരാറുകാരൻ. 15 വർഷം നടത്തിയ ശേഷം റെയിൽവേക്ക് കൈമാറണം. ആദ്യ മൂന്ന് വർഷം 40 ലക്ഷം രൂപ വീതവും പിന്നീട് എല്ലാ വർഷവും 10 ശതമാനം വീതം കൂട്ടിയും അടക്കണം.
മൂന്ന് നിലകളിൽ 2,000 വാഹനം പാർക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായതോടെ ഒരു നില കൂട്ടാൻ കരാറുകാരൻ റെയിൽവേയുടെ അനുമതി തേടി. ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. അതേസമയം, നേരത്തെ തയാറാക്കിയ കരാർ പ്രകാരം മേയ് മുതൽ കരാറുകാരൻ റെയിൽവേക്ക് പണം അടക്കണം. സ്ഥലം കരാറുകാരന് കൈമാറിയതിനാൽ നിർമാണം വൈകുന്നതിന് തങ്ങൾ ഉത്തരവാദിയല്ലെന്നാണ് റെയിൽവേയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

