പൊലീസിന്റെ പ്രത്യേക പരിശോധന: വിവിധ കേസുകളിലെ 61 പ്രതികൾ അറസ്റ്റിൽ
text_fieldsആലുവ: റൂറൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ കേസുകളിലെ 61 പ്രതികളെ അറസ്റ്റ് ചെയ്തു. കേസുകളിൽ പ്രതികളായവർ, ദീർഘകാലമായി ഒളിവിൽ കഴിയുന്നവർ, ശിക്ഷിക്കപ്പെട്ട കേസുകളിലെ പ്രതികൾ എന്നിവരുൾപ്പെടെ 61 പേരെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 15 പേർക്കെതിരെ നടപടി സ്വീകരിച്ചു.
മയക്കുമരുന്ന് നിരോധന നിയമം, അബ്കാരി നിയമം, നിരോധിത പുകയില ഉൽപന്ന നിയമം എന്നിവ പ്രകാരം 128 കേസ് രജിസ്റ്റർ ചെയ്തു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പെറ്റിക്കേസുകൾ ഉൾപ്പെടെ 581ഉം മണൽ കടത്തുമായി ബന്ധപ്പെട്ട് 13 കേസും രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് അഞ്ചുകേസാണ് രജിസ്റ്റർ ചെയ്തത്.
റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, മുൻകാല കുറ്റവാളികൾ എന്നിവരുടെ വീടുകളിലും ലോഡ്ജുകൾ, ട്രെയിനുകൾ, സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് സബ് ഡിവഷനുകളിൽ 34 സ്റ്റേഷനുകളിലായി പ്രത്യേകം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.