ജല അതോറിറ്റി എൻ.ഒ.സി നൽകി പൈപ്പ് ലൈൻ റോഡ് പുനരുദ്ധാരണം ഉടൻ
text_fieldsrepresentational image
ആലുവ: കാലങ്ങളായി തകർന്ന് കിടക്കുന്ന പൈപ്പ് ലൈൻ റോഡിന്റെ പുനരുദ്ധാരണം ഉടൻ ആരംഭിക്കും. നവീകരണ പ്രവർത്തനങ്ങൾക്ക് ജല അതോറിറ്റി എൻ.ഒ.സി നൽകിയിട്ടുണ്ട്. ഇതോടെയാണ് റോഡിന്റെ ശാപമോക്ഷത്തിന് വഴിയൊരുങ്ങിയത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന റോഡിന്റെ ഭാഗങ്ങളിലാണ് കൂടുതൽ തകർച്ച. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ രണ്ട് മുതൽ ആറുവരെ വാർഡുകളിലൂടെയും 11, 12 എന്നീ വാർഡുകളിലൂടെയും റോഡ് കടന്നു പോകുന്നുണ്ട്. വർഷങ്ങളായി പണി നടക്കാത്തതിനാൽ പല ഭാഗത്തും വലിയ കുഴികളാണ്.
റോഡ് നന്നാക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ജല അതോറിറ്റിയെ സമീപിച്ചിരുന്നു. എന്നാൽ, യാതൊരു അനുകൂല നടപടിയും ഉണ്ടാകാതെ വന്നതോടെ പഞ്ചായത്ത് ഭരണസമിതി അൻവർ സാദത്ത് എം.എൽ.എയെ സമീപിച്ച് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം അറിയിച്ചു. തുടർന്ന് ജില്ല പഞ്ചായത്ത് നെടുമ്പാശേരി ഡിവിഷൻ അംഗം എം.ജെ ജോമി തന്റെ ഡിവിഷനിലെ ഫണ്ട് എടത്തല ഡിവിഷനിലെ ഈ റോഡിന് അനുവദിക്കുകയുമായിരുന്നു.
ഒരു കോടി രൂപയാണ് അനുവദിച്ചത്. ചൂർണിക്കര പഞ്ചായത്തിന്റെ ആലുവ അതിർത്തിയായ നിർമല സ്കൂൾ മുതൽ കളമശേരി അതിർത്തിയായ കുന്നത്തേരി വരെയുള്ള പൈപ്പ് ലൈൻ റോഡാണ് നവീകരിക്കുന്നത്.