പെരിയാർവാലി കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നു
text_fieldsപെരിയാർവാലി കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നു
ആലുവ: പെരിയാർവാലി കനാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ദുരിതമാകുന്നു. വാഴക്കുളം പഞ്ചായത്തിലെ പോഞ്ഞാശ്ശേരി കനാലിലാണ് മാലിന്യക്കൂമ്പാരം. നായരുപീടികക്കു സമീപം പട്ടിപ്പാറയിലാണ് ഭൂതത്താൻ കെട്ടിൽനിന്ന് പെരിയാർ വാലി മെയിൻ കനാലിലൂടെ മാലിന്യം ഒഴുകിയെത്തുന്നത്.
കനാലിൻറെ പരിസരങ്ങിൽ നിന്നുള്ള മാലിന്യവും കനാലിൽ തള്ളുന്നുണ്ട്. പ്ലാസ്റ്റിക്, മാംസാവശിഷ്ടം തുടങ്ങിയവയാണ് കെട്ടികിടക്കുന്നത്. പല ഭാഗങ്ങളിലും കനാൽ പുറമ്പോക്കുകളിൽ മാംസ- കോഴി കടകളുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള മാലിന്യം മുഴുവൻ കനാലിലേക്കാണ് തള്ളുന്നത്. ഇത് പ്രദേശത്ത് ദുർഗന്ധവുമുണ്ടാക്കുന്നു. കനാലിൽ ഒഴുക്കും തടസ്സപ്പെടുന്നുണ്ട്.
പട്ടിപ്പാറക്കടുത്തുള്ള അക്വിഡേറ്റിന് മുന്നിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്നും ഇവ വലിച്ചെറിയുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഏഴിപ്പുറത്ത് ചേർന്ന വിവിധ സംഘടന പ്രവർത്തകരുടെ യോഗത്തിൽ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ദേശീയ ഹരിതസേന കോഓഡിനേറ്റർ വേണുവാരിയത്ത്, ജനകീയ അന്വേഷണ സമിതി കൺവീനർ ടി.എൻ. പ്രതാപൻ, പരിസ്ഥിതി പ്രവർത്തകൻ സുനിൽ വെള്ളാരപ്പിള്ളി, ശ്രീനിലയം രാജീവ് എന്നിവർ സംസാരിച്ചു.