ബലിപിണ്ഡങ്ങൾ ഏറ്റുവാങ്ങി പെരിയാർ; പിതൃമോക്ഷ സംതൃപ്തിയിൽ ഭക്തർ
text_fieldsപെരിയാറിൽ ബലിയർപ്പിക്കുന്നതിന് മുന്നോടിയായി മണപ്പുറത്തെ ബലിത്തറയിൽ കർമം നടത്തുന്ന ഭക്തൻ
ആലുവ: പിതൃമോക്ഷം തേടിയെത്തിയ ഭക്തരുടെ ബലിപിണ്ഡങ്ങൾ പെരിയാർ ഏറ്റുവാങ്ങി. മണപ്പുറത്തെ ശിവക്ഷേത്രത്തെ സാക്ഷിയാക്കിയാണ് ബലിപിണ്ഡങ്ങൾ പെരിയാറിൽ സമർപ്പിച്ചത്. നാക്കിലയിലെ ബലിപിണ്ഡം ശിരസ്സിൽ ചേർത്തുപിടിച്ച് ഓരോരുത്തരും പെരിയാറിൽ മുങ്ങി. ശിവരാത്രി രാവിൽ പൂർവികരുടെ സ്മരണയിൽ ആത്മസംതൃപ്തിയോടെയാണ് ഭക്തർ കർമങ്ങൾ പൂർത്തിയാക്കിയത്. ദൂരെ ദിക്കുകളിൽനിന്നടക്കം പതിനായിരങ്ങളാണ് ബലിതർപ്പണത്തിനായെത്തിയത്.
ബലിതർപ്പണത്തിനും ക്ഷേത്രദർശനത്തിനും വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത്. നൂറുകണക്കിന് ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. മഹാദേവ ക്ഷേത്രത്തിൽ രാത്രി 12ഓടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ഭക്തർ മണപ്പുറത്തേക്ക് എത്തിയിരുന്നു. ഇതിൽ പലരും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തി. ഉച്ചക്ക് ശേഷം കൂട്ടമായി ഭക്തർ മണപ്പുറത്തേക്കെത്തുകയായിരുന്നു. സന്ധ്യ കഴിഞ്ഞതോടെ നഗരത്തിലെ റോഡുകളിലൂടെയും ദേശീയപാതയിലൂടെയും മണപ്പുറത്തേക്ക് ഭക്തർ ഒഴുകിയെത്തി. വൈകിയെത്തിയവരാണ് മണപ്പുറത്ത് ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയ ശേഷം ബലിതർപ്പണം നടത്തിയത്.
രാത്രി 12നാണ് ക്ഷേത്രത്തിലെ ശിവരാത്രി വിളക്ക് ആരംഭിച്ചത്. ഇതിന് ശേഷമാണ് കൂട്ടമായി ബലിതർപ്പണം നടന്നത്. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വ്യാഴാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും.
ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണം നടന്നു. മണപ്പുറത്തെത്തിയ വിശ്വാസികൾക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ നഗരസഭയാണ് ഒരുക്കിയിരുന്നത്. മണപ്പുറത്ത് തീർത്ത പ്രത്യേക നഗരസഭ ഓഫിസിൽ രാത്രി കൗൺസിലർമാർ പ്രത്യേക യോഗം ചേർന്നു. ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡും ആലുവ നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും വിവിധ സംഘടനകളുടെ സേവന സന്നദ്ധരായ പ്രവർത്തകരുമാണ് മണപ്പുറത്തെ തിരക്ക് നിയന്ത്രിച്ചത്. മണപ്പുറത്തും വിവിധയിടങ്ങളിലായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു സംവിധാനങ്ങൾ ഒരുക്കിയത്. അൻപതോളം സി.സി.ടി.വി കാമറകളാണ് മണപ്പുറത്ത് സ്ഥാപിച്ചിരുന്നത്. ഇതിലൂടെ മണപ്പുറത്തിന്റെ ദൃശ്യങ്ങൾ താൽക്കാലിക പൊലീസ് കൺേട്രാൺ റൂമിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മണപ്പുറത്തേക്ക് പ്രത്യേകം സർവിസുകൾ നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ വടക്കെ മണപ്പുറത്ത് നടക്കുന്ന വ്യാപാര മേള ഒരുമാസം നീണ്ടുനിൽക്കും. നഗരത്തിലും ഉച്ചമുതൽ നിരവധി താൽക്കാലിക സ്റ്റാളുകൾ ഉണ്ടായിരുന്നു. വ്യാപാര മേളയുടെ ഭാഗമായി അമ്യൂസ്മെന്റ് പാർക്കും പ്രവർത്തിക്കുന്നുണ്ട്. നഗരസഭയുടെ ആഭിമുഖ്യത്തിൽ ദൃശ്യോത്സവം സാംസ്കാരിക മേളയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

