ശ്രവണ-സംസാര വൈകല്യമുള്ളവർക്ക് ജീവിതപങ്കാളിയെ കണ്ടെത്താൻ അവസരമൊരുങ്ങുന്നു
text_fieldsആലുവ: ശ്രവണ-സംസാര വൈകല്യമുള്ളവർക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ അവസരമൊരുങ്ങുന്നു. ശ്രവണ - സംസാര വൈകല്യമുള്ളവരുടെ രക്ഷിതാക്കളുടെ സംഘടനയായ ആൾ കേരള പേരന്‍റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് " (അക്പാഹി)ന്‍റെ സംസ്‌ഥാന സമ്മേളനത്തിലാണ് ഇതിനുള്ള വേദിയൊരുക്കുന്നത്. ആലുവ തോട്ടുമുഖം വൈ.എം.സി.എയിൽ ഞായറാഴ്ച്ച 2.30നാണ് കേൾവി സംസാര വൈകല്യമുള്ളവർക്ക് അനുയോജ്യരായ വധൂവരന്മാരെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കണ്ടെത്തുന്നതിനുള്ള 'ബധിരസംഗമം' സംഘടിപ്പിച്ചിട്ടുള്ളത്.
എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് കെ. തോമസ് സംഗമം ഉദ്ഘാടനം ചെയ്യും. അക്പാഹി സംസ്‌ഥാന സെക്രട്ടറി ബിനോയ് ജോസഫ് യുവതീ യുവാക്കളെ പരിചയപ്പെടുത്തും. പ്രിയരാജ് ആംഗ്യഭാഷ പരിഭാഷ നടത്തും. ഇതിന്‍റെ അടിസ്‌ഥാനത്തിൽ വൈകല്യമുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പങ്കാളികളെ കണ്ടെത്താൻ അവർക്കും രക്ഷിതാക്കൾക്കും കഴിയും. ശ്രവണ - സംസാര വൈകല്യമുള്ളവരുടെ വിദ്യാഭ്യാസ പുനരധിവാസ മേഖലകളിൽ 1996 മുതൽ സംസ്‌ഥാനത്തുടനീളം പ്രവർത്തിച്ചുവരുന്ന രക്ഷിതാക്കളുടെ ഏക സംഘടനയായ അക്പാഹിയുടെ 14 -ാമത് സംസ്‌ഥാന സമ്മേളനവും രജതജൂബിലി ആഘോഷവും തോട്ടുമുഖം വൈ.എം.സി.എ. ഹാളിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ ഒമ്പതുമണിക്ക് സംസ്‌ഥാന ചെയർമാൻ ഡോ. കെ.വി. ജയചന്ദ്രൻ പതാക ഉയർത്തും. 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന പ്രസിഡൻറ് ബേബി ജോസഫ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം. മൊയ്തീൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.ജി.ബാബു വരവുചെലവ് കണക്കും അവതരിപ്പിക്കും. 11.30ന് കേൾവി വൈകല്യമുള്ളവർ നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ സംസ്‌ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഘടന തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന പ്രസിഡൻറ് ജോസഫ് അധ്യക്ഷത വഹിക്കും. ഭിന്നശേഷി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളായ ബെന്നി ബഹനാൻ എം.പിക്ക് ബധിര ക്ഷമ അവാർഡും, ഗോപിനാഥ് മുതുകാടിന് ഭിന്നശേഷി സൗഹൃദ അവാർഡും, സി. അഭയക്ക് ബധിരസ്നേഹ അവാർഡും മന്ത്രി ഡോ. ആർ. ബിന്ദു നൽകി ആദരിക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരെയും ആദരിക്കും. വാർത്ത സമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡന്‍റ് ബേബി ജോസഫ്, സ്വാഗതസംഘം ചെയർമാൻ ആർ.കെ. ശിവൻ, ജനറൽ കൺവീനർ അഡ്വ. എൻ.ടി. ബോസ്, ട്രഷറർ സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

