ആലുവ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് കൊള്ള
text_fieldsഅമിതപാർക്കിങ് ഫീസ് നൽകാത്തതിനെ തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ കരാർ
ജീവനക്കാർ കാർ തടയുന്നു
ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്രീമിയം പാർക്കിങ്ങിന്‍റെ പേരിൽ പകൽക്കൊള്ളയെന്ന് ആക്ഷേപം. വലിയ തുകയാണ് പാർക്കിങ്ങിനായി ഇടാക്കുന്നത്. രണ്ട് ദിവസം മാരുതി 800 കാർ പാർക്ക് ചെയ്ത യാത്രക്കാരനോട് 1500 രൂപ ആവശ്യപ്പെട്ടത് സംഘർഷത്തിന് ഇടയാക്കി. കീഴ്മാട് സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ താഹിറിന്‍റെ കാറിനാണ് 1500 രൂപ ഫീസ് ചുമത്തിയത്.
കൈയിൽ അത്രയും പണമില്ലെന്നും 500 രൂപ തരാമെന്നും പറഞ്ഞെങ്കിലും കരാർ ജീവനക്കാർ സമ്മതിച്ചില്ല. ബാക്കി പണം പിന്നീട് നൽകാമെന്നും ആവശ്യമെങ്കിൽ തനിക്കെതിരെ പരാതി കൊടുത്തോളാനും താഹിർ പറഞ്ഞിട്ടും കാർ തടഞ്ഞിടുകയായിരുന്നു. വിവരമറിഞ്ഞ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ഹസീം ഖാലിദ്, മുൻ പ്രസിഡന്‍റ് രഹൻ രാജ്, സോണി സെബാസ്റ്റ്യൻ എന്നിവർ സ്ഥലത്തെത്തി ജീവനക്കാരോട് സംസാരിച്ചിട്ടും അവർ വഴങ്ങിയില്ല.
ഇതേതുടർന്ന് കരാറുകാരന്‍റെ നമ്പർ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് ആവശ്യപ്പെട്ടിട്ടും ജീവനക്കാർ കരാറുകാരന്‍റെ നമ്പർ നൽകിയില്ലത്രേ. ഇതേതുടർന്ന്, വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട്, പൊലീസ് കാർ കൊണ്ടുപോകാൻ അനുവദിച്ചു.
കരാറുകാരനോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. പാർക്കിങ്ങിന്‍റെ പേരിൽ റെയിൽവേ സ്റ്റേഷനിൽ വൻതുക ഈടാക്കുന്നതായി പലപ്പോഴും പരാതികൾ ഉണ്ടാകാറുണ്ട്. മണിക്കൂറിന് 30 രൂപയെന്ന ബോർഡുെവച്ച ശേഷം വാഹനം എടുക്കാൻ വരുമ്പോൾ ഒരു ദിവസത്തേക്ക് കൂടുതൽ പണം ഈടാക്കുന്നത് പതിവാണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഹസീം ഖാലിദ് പറഞ്ഞു.
റെയിൽവേ പൊലീസ്, പാർക്കിങ് കൊള്ളക്ക് ഒത്താശ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ താഹിറിന്‍റെ പ്രശ്നം ഒത്തുതീർപ്പാക്കാൻ അവർ ഇടപെടുന്നുണ്ടെന്നും ഹസീം ആരോപിച്ചു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

