ഒരു തീരുമാനവുമില്ല!
text_fieldsനിർമാണം നിലച്ച റൂറൽ ജില്ല പൊലീസ് ആസ്ഥാന മന്ദിരം
ആലുവ: നഗരത്തിലെ റൂറൽ ജില്ല പൊലീസ് ആസ്ഥാന മന്ദിര നിർമാണം വൈകുന്നു. 2022 മാർച്ച് 15നാണ് നിർമാണം ആരംഭിച്ചത്. അന്നത്തെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കാണ് ശിലയിട്ടത്. മൂന്നുവർഷത്തിനകം പൂർത്തീകരിക്കുമെന്നാനായിരുന്നു പ്രഖ്യാപനം.
നാല് വർഷത്തോളമായിട്ടും നിർമാണം ഇഴയുകയാണ്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം നടത്തുന്നത്. 36,000 ചതുരശ്രഅടി വിസ്തീർണത്തിൽ അഞ്ചുനിലകളുള്ള കെട്ടിടം ഉയർന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
10.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് രണ്ട് ഭാഗമായി ഫണ്ട് അനുവദിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടം ലഭിച്ച അഞ്ചുകോടിരൂപക്കാണ് ഇതുവരെയുള്ള നിർമാണം നടത്തിയത്. തുടർ നിർമാണത്തിനായി അടുത്ത ഫണ്ട് ലഭിക്കേണ്ടതുണ്ട്. അതിനായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
നിലവിലെ ഓഫിസിന് കാലപ്പഴക്കവും അസൗകര്യവും
ആലുവ: കാലപ്പഴക്കം ഏറെയുള്ളതാണ് നിലവിൽ ജില്ല പൊലീസ് ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം. കാലപ്പഴക്കത്തിന് പുറമെ അസൗകര്യങ്ങളും പ്രശ്നമാണ്. ജില്ല പൊലീസ് ആസ്ഥാനത്തോടൊപ്പം ജില്ല ട്രെയിനിങ് സെന്ററും ജില്ലയിലെ മുഴുവൻ സ്പെഷ്യൽ യൂനിറ്റുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുമാണ് പദ്ധതി.
നിലവിലെ കെട്ടിടത്തിന് കാലപ്പഴക്കം വന്നതോടെ ജില്ല ആസ്ഥാനം മൂവാറ്റുപുഴക്ക് മാറ്റാനുള്ള നീക്കം നടന്നിരുന്നു. ഏറെക്കുറെ അതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. കൊച്ചി സിറ്റി പരിധിയോട് ചേർന്നാണ് ആലുവയുള്ളത്. റൂറൽ പരിധിയാണെങ്കിൽ കിഴക്കൻ മലയോര മേഖലയിൽ ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തി വരെ വ്യാപിച്ച് കിടക്കുകയുമാണ്. അതിനാൽ തന്നെ മൂവാറ്റുപുഴയിലേക്ക് മാറ്റിയാൽ പ്രവർത്തനം സുഗമമായിരിക്കുമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥ ഇടപെടലിൽ ആ നീക്കം അടയുകയായിരുന്നു. ദൂരെ ദിക്കുകളിൽ നിന്നു വരെ നിത്യേന ഓഫിസിൽ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരുണ്ട്. അവർക്കെല്ലാം ആലുവയിൽ വന്ന് പോകാൻ എളുപ്പമാണ്. അതാണ് മൂവാറ്റുപുഴയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കപ്പെടാൻ കാരണമായത്.
ഡി.ഐ.ജി ഓഫിസ് കെട്ടിട നിർമാണവും നിലച്ചു
ആലുവ: പുതിയ ജില്ല ആസ്ഥാന മന്ദിരത്തോട് ചേർന്ന് ഡി.ഐ.ജി ഓഫിസിനായും കെട്ടിടം പണിയുന്നുണ്ട്. ഈ കെട്ടിട നിർമാണവും നിലച്ച അവസ്ഥയിലാണ്. ജില്ല ആസ്ഥാന മന്ദിരത്തിൻ്റെ തേപ്പുപോലും പൂർത്തിയായിട്ടില്ല. ഈ നിർമാണം നിലച്ചതോടെ എസ്.പി ഓഫിസ് കെട്ടിടത്തിലേക്ക് വള്ളിപ്പടർപ്പുകൾ പടർന്ന് കയറുകയാണ്. ഡി.ഐ.ജി ഓഫിസ് കെട്ടിടവും കാടുപിടിച്ച അവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പ് കോമ്പൗണ്ടിന് പിന്നിലാണ് രണ്ട് നിലകളായി ഡി.ഐ.ജി ഓഫിസ് നിർമിക്കുന്നത്. ഡി.ജി.പി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റശേഷം നിർമാണം നടക്കുന്ന സ്ഥലമെല്ലാം സന്ദർശിച്ചിരുന്നു.
ഫണ്ട് ലഭിക്കാത്തതിനാൽ നിർമാണം നിലച്ച വിവരമെല്ലാം ആഭ്യന്തരവകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

