കൂടുതൽ തപാൽ ഓഫീസുകൾ പൂട്ടാൻ നീക്കം
text_fieldsആലുവ: മേഖലയിൽ കൂടുതൽ തപാൽ ഓഫിസുകൾ പൂട്ടാൻ നീക്കം. 60 വർഷത്തോളം പഴക്കമുള്ള ആലുവ തോട്ടക്കാട്ടുകര സബ് പോസ്റ്റ് ഓഫിസാണ് നിർത്തലാക്കാനുള്ള നീക്കം നടക്കുന്നത്. പോസ്റ്റോഫിസുകൾ നിർത്തലാക്കുന്നതിനിതെിരെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇതേ തുടർന്ന് പോസ്റ്റ് ഓഫീസ് അക്കൗണ്ട്, ഇൻഷുറൻസ് സേവനങ്ങൾ ഉൾപ്പെടെയുള്ളവക്ക് മാത്രമായി തോട്ടക്കാട്ടുകര പേസ്റ്റ് ഓഫിസ് നിലനിർത്തിക്കൊണ്ട് തപാൽ വിതരണ കേന്ദ്രം ആലുവ ഹെഡ് പോസ്റ്റ് ഓഫിസിലുള്ള സ്വതന്ത്ര വിതരണ കേന്ദ്രത്തിലേക്ക് (ഐ.ഡി.സി) മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കത്ത് വാങ്ങുന്നതിനും മറ്റുമായി ഇവിടത്തെ ജനങ്ങൾ ആലുവ ഹെഡ് പോസ്റ്റ് ഓഫിസിൽ എത്തണം. തോട്ടക്കാട്ടുകര പോസ്റ്റ് ഓഫിസിന് ഒപ്പം തന്നെ ആലുവ യു.സി.സി പോസ്റ്റ് ഓഫിസും ആലുവ ഐ.ഡി.സിയിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.
സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന ആലുവ ഹെഡ്പോസ്റ്റ് ഓഫിസിൽ 2025 ജൂൺ 30 മുതലാണ് സ്വതന്ത്ര വിതരണ കേന്ദ്രം ആരംഭിച്ചത്. ആരംഭത്തിൽ തന്നെ സൗത്ത് വാഴക്കുളം, മാറമ്പിള്ളി, തോട്ടുമുഖം, തായിക്കാട്ടുകര എന്നീ പോസ്റ്റ് ഓഫിസുകളിലെ തപാൽ വിതരണം ആലുവ ഐ.ഡി.സിയിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലുള്ള പോസ്റ്റ്മാന്‍മാര്‍ എല്ലാം തന്നെ ആലുവ ഐ.ഡി.സിയിലെത്തിയാണ് കത്തുകൾ തിരിഞ്ഞ് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുപോകുന്നത്.
തപാൽ ഉരുപ്പടിയുമായി പോസ്റ്റുമാൻ എത്തുമ്പോൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെങ്കിൽ അവ ഇനി സ്വന്തം പോസ്റ്റ് ഓഫിസുകളിൽ നിന്ന് ലഭിക്കില്ല. പത്തോ ഇരുപതോ കിലോമീറ്റർ ദൂരെയുള്ള സെന്ററുകളിൽ പോയി കൈപ്പറ്റേണ്ട ഗതികേടിലാണ്. സാധാരണക്കാരനെ തപാൽ മേഖലയിൽ നിന്ന് അകറ്റുന്ന നീക്കങ്ങളാണ് നടക്കുന്നത്. തപാൽ വാതിൽപ്പടി സേവനം അവസാനിപ്പിച്ച് സ്വകാര്യവൽക്കരണത്തിന് കളമൊരുക്കാനാണ് ശ്രമം.
ആദ്യഘട്ടത്തിൽ തന്നെ യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം, ദേശം ഉളിയന്നൂർ, തോട്ടക്കാട്ടുകര എന്നീ പോസ്റ്റ് ഓഫിസുകളും ഐ.ഡി.സിയുടെ കീഴിലാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആലുവയിലെ സ്ഥലപരിമിതി മൂലം മാറ്റിവെക്കുകയായിരുന്നു.
നവീകരണത്തിന്റെ പേരിൽ സ്വകാര്യവത്കരണം നടക്കുന്നു എന്ന് ആരോപിച്ചും തോട്ടക്കാട്ടുകര പോസ്റ്റ് ഓഫിസ് പൂട്ടാനുള്ള നീക്കത്തിനെതിരെയും സർവിസ് സംഘടനകളായ ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി .ഒ), നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയിസ് (എൻ.എഫ്.പി.ഇ) എന്നിയുടെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള സമരങ്ങൾ ആലുവ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടക്കുന്നുണ്ട്.
പുതിയ തപാൽ നയത്തിന്റെ ഭാഗമായി 150ഓളം പോസ്റ്റ് ഓഫിസുകളാണ് പൂട്ടാൻ ഒരുങ്ങുന്നത്. കേരളത്തിൽ ഇതിനോടകം 36 ഓളം പോസ്റ്റ് ഓഫിസുകൾ അടച്ചുപൂട്ടി.
നഗരങ്ങളിൽ രണ്ട് കിലോമീറ്ററിനുള്ളിലും ഗ്രാമങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിലും ഒന്നിലധികം പോസ്റ്റ് ഓഫിസുകൾ ഉണ്ടെങ്കിൽ അവ പൂട്ടാനുള്ള നീക്കമാണ് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്. ഇങ്ങനെ ഗ്രാമീണ മേഖലകളിലെ നിരവധി പോസ്റ്റ് ഓഫിസുകൾ അടച്ചു പൂട്ടാനുള്ള ശ്രമത്തിനിടെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

