മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടകളും താവളമാക്കി മണപ്പുറം കുട്ടിവനം
text_fieldsആലുവ മണപ്പുറത്തെ കുട്ടി വനം
ആലുവ: മയക്കുമരുന്ന് സംഘങ്ങളുടെയും ഗുണ്ടകളുടെയും താവളമായി മണപ്പുറം കുട്ടിവനം. പ്രകൃതി സംരക്ഷണത്തിനായി തയാറാക്കിയ മനുഷ്യ നിർമിത വനമാണ് അധികൃതരുടെ അനാസ്ഥ മൂലം അക്രമികളുടെ വിഹാര കേന്ദ്രമായിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പറ്റം നല്ല മനുഷ്യർ നട്ടുവളർത്തിയുണ്ടാക്കിയതാണ് പെരിയാറിനോട് ചേർന്ന കുട്ടിവനം. പൊതുജനങ്ങൾക്ക് ഇവിടെ വിശ്രമിക്കാനും കാറ്റു കൊള്ളാനും സാധിക്കുമായിരുന്നു. എന്നാൽ, ഇവിടം കേന്ദീകരിച്ച് കാലങ്ങളായി സാമൂഹിക വിരുദ്ധരാണ് പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് കച്ചവടക്കാരും ഗുണ്ടകളുമാണ് തമ്പടിച്ചിരിക്കുന്നത്. ഇതുമൂലം ഇവിടെ ആക്രമണങ്ങളും പതിവാണ്.
ലഹരി വിൽപന സംഘങ്ങളും ഗുണ്ടകളും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ കൊലപാതകം വരെ നടന്നിട്ടുണ്ട്. പലപ്പോഴും മണപ്പുറത്ത് നിന്ന് മയക്കുമരുന്ന് കച്ചവടക്കാർ പിടിയിലായിട്ടുമുണ്ട്. കഞ്ചാവ് ചെടികളും കണ്ടെത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പരാതികൾ വർധിക്കുമ്പോൾ വല്ലപ്പോഴും മാത്രമാണ് പൊലീസ് ഈ ഭാഗത്ത് പരിശോധനകൾ നടത്തുന്നത്. നാട്ടുകാർ പല തവണ വിവരങ്ങൾ കൊടുക്കുമ്പോൾ ചിലപ്പോൾ മാത്രം മയക്കുമരുന്ന് വിൽപനക്കാരെ പിടിക്കുന്നുള്ളൂവെന്ന് പരാതിയുണ്ട്. പൊലീസും എക്സൈസും പിടികൂടിയിട്ടുള്ളതിൽ കൂടുതൽ മയക്കുമരുന്ന് സംഘങ്ങൾ മണപ്പുറത്തും കുട്ടിവനത്തിലുമുണ്ട്. ഇക്കൂട്ടർ മണപ്പുറം സന്ദർശിക്കുന്നവരെ ഉപദ്രവിക്കാറുമുണ്ട്. മേഖലയിലെ ചില ഗുണ്ടകളാണ് ഇത്തരം പിടിച്ചുപറികൾക്ക് പിന്നിൽ. രാത്രി മണപ്പുറവും കുട്ടിവനവും സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. മദ്യപിക്കാനും അനാശാസ്യ പ്രവർത്തനങ്ങൾക്കും കുട്ടിവനം പലരും ഉപയോഗപ്പെടുത്തുന്നുണ്ട്.
മണപ്പുറം പ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുന്നതാണ് കുട്ടിവനം അക്രമികൾ താവളമാക്കാൻ മറ്റൊരു കാരണം. ശിവരാത്രി സമയത്ത് മാത്രമാണ് നഗരസഭ അധികൃതർ മണപ്പുറത്തെ കുറ്റിക്കാടുകൾ വെട്ടാറുള്ളത്.
ആവശ്യത്തിന് വെളിച്ചവും ഇല്ല. ശിവരാത്രി വ്യാപാരോത്സവത്തിൽ നിന്ന് വൻ തുകയുടെ നേട്ടമുണ്ടാക്കുന്ന നഗരസഭ മണപ്പുറം സംരക്ഷിക്കാൻ ശ്രദ്ധചെലുത്തുന്നില്ല. കാടുകയറിയ മണപ്പുറത്തുകൂടെ ഇരുട്ടത്ത് കുട്ടിവനത്തിലേക്ക് എത്താൻ പൊലീസിനും പരിമിതികളുണ്ട്. പകൽ പോലും കുട്ടി വനം ജനങ്ങൾക്ക് ഭയമാണ്.
പ്രഭാത സവാരിക്കോ കുട്ടികളെ കളിപ്പിക്കാനോ എത്തുന്ന കുടുംബങ്ങൾക്ക് പോലും ഇവിടം സുരക്ഷിതമല്ലാതായി. വിശാലമായ മൈതാനത്തിന്റെ പല ഭാഗങ്ങളും മദ്യപാനികളും ലഹരി ഉപയോഗിക്കുന്ന സംഘങ്ങളും കൈയടക്കിയിരിക്കുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ അവശിഷ്ടങ്ങളും ഇവിടെ നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

