വിവാദ കാർബൺ കമ്പനി തൊഴിലാളിയെ ചാണകാഭിഷേകം നടത്തി നാട്ടുകാർ
text_fieldsതൊഴിലാളിയുടെ
ദേഹത്ത് ചാണകവെള്ളം
ഒഴിച്ചപ്പോൾ
ആലുവ: എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനി തൊഴിലാളിക്ക് ചാണകംകൊണ്ട് അഭിഷേകം. രൂക്ഷ ദുർഗന്ധത്തെത്തുടർന്ന് എടയപ്പുറം നിവാസികൾ കമ്പനി പ്രവർത്തിപ്പിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എവറസ്റ്റ് കോട്ടിങ് ആൻഡ് പേപ്പേഴ്സ് എന്ന കാർബൺ കമ്പനി അധികൃതർ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ്.
ഇതിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ്, കമ്പനി പ്രവർത്തിപ്പിക്കാനെത്തിയ തൊഴിലാളിയെ നാട്ടുകാർ ചാണകംകൊണ്ട് അഭിഷേകം നടത്തിയത്. നാട്ടുകാരുടെ വിലക്കുകൾ ലംഘിച്ച് ശനിയാഴ്ച രാവിലെ 8.30ന് ഒരു തൊഴിലാളി കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാൻ എത്തുകയായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ പറഞ്ഞ് നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ വീട്ടമ്മമാരെ പുലഭ്യം പറയുകയും മറ്റുള്ളവരെ കായികമായി നേരിടാനും ശ്രമിച്ചതായി സമരക്കാർ ആരോപിക്കുന്നു.
ഇതേ തുടർന്നാണ് വീട്ടമ്മമാർ അടക്കമുള്ള നാട്ടുകാർ തൊഴിലാളിയെ ചാണകവെള്ളത്തിൽ അഭിഷേകം ചെയ്തത്. തുടർന്ന് കമ്പനി ഉടമയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ കെ.എ. ബഷീറെത്തി. എടത്തല പൊലീസുമായി ഉടമ നടത്തിയ ചർച്ചയെത്തുടർന്ന് കമ്പനി തുറക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിരിഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

