ദുബൈയിൽ നീന്തൽ പ്രകടനത്തിൽ റെക്കോഡുമായി തുരുത്ത് സ്വദേശി
text_fieldsഅബ്ദുൽ
സമീക്ക്
ആലുവ: ദുബൈയിൽ നീന്തൽ പ്രകടനത്തിൽ റെക്കോഡുമായി ആലുവ തുരുത്ത് സ്വദേശി. ദുബൈ ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ച് 25 കി.മീറ്റർ റെക്കോഡ് നീന്തൽ പ്രകടനം നടത്തിയാണ് പുളിക്കായത്ത് അബ്ദുൽ സമീഖ് ആലുവ തുരുത്ത് ഗ്രാമത്തിന്റെ അഭിമാനമായത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അൽ മംസർ ബീച്ചിൽ പുലർച്ച 4.20ന് തുടങ്ങിയ നീന്തൽ വൈകീട്ട് ആറിനാണ് 25 കിലോമീറ്റർ ലക്ഷ്യം പൂർത്തീകരിച്ചത്.
യു.എ.ഇയിലെ പ്രമുഖ ട്രൈത്തലോൺ ക്ലബായ കേരള റൈഡേഴ്സ് ദുബൈ അംഗമാണ്. മുൻവർഷങ്ങളിൽ ദുബൈ, അബൂദബി മാരത്തൺ ഓട്ടങ്ങളിലും പങ്കെടുത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചിരുന്നു. 20 വർഷമായി കുടുംബവുമൊത്ത് ദുബൈയിൽ താമസിക്കുന്ന അബ്ദുൽ സമീഖ് അൽ-വഫ ഐ.ടി കമ്പനി ജനറൽ മാനേജരാണ്. ഭാര്യ: ഷെറീന. മക്കളായ നിഹാൻ, നെഹറ എന്നിവർ വിദ്യാർഥികളാണ്.

