വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്
text_fieldsആലുവ: വിവിധ വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ ലോറിക്കടിയിൽപെട്ട വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്. മാർത്താണ്ഡവർമ പാലത്തിൽ സ്കൂട്ടറിൽ ലോറിയിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഈസ്റ്റ് വെളിയത്തുനാട് തൊട്ടിപ്പറമ്പിൽ വീട്ടിൽ സാദിഖിന്റെ ഭാര്യ ജാസ്മിയാണ് (46) പരിക്കുകളോടെ രക്ഷപ്പെട്ടത്. ജാസ്മിന്റെ കാലിനും കൈക്കും ഗുരുതര പരിക്കുണ്ട്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഉൾപ്പെടെ ഇരുവരെയും കുറച്ചു ദൂരം വലിച്ചിഴച്ച ശേഷമാണ് ലോറി നിന്നത്.
ലോറിക്കടിയിൽപെട്ട സ്കൂട്ടർ നിശ്ശേഷം തകർന്നു. ജാസ്മിന്റെ ഭർത്താവ് സാദിഖും രക്ഷപ്പെട്ടു. തോട്ടക്കാട്ടുകര സർവിസ് റോഡിൽ കാറും ബൈക്കും ഇടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ നെടുമ്പാശ്ശേരി വലിയ വീട്ടിൽ ചന്ദ്രൻ പിള്ളയുടെ മകൻ ഡാൻസനും (39) പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുമുഖത്ത് കാർ ഇടിച്ച് വെളിയത്തുനാട് പ്ലക്കാട്ടിൽ അബ്ദുൽ നാസർ (64), മുപ്പത്തടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പടിഞ്ഞാറെ കടുങ്ങല്ലൂർ കക്കാട്ട് അതുൽ കൃഷ്ണ (23), അയിരൂർ മണിയനാട്ട് ഗോകുൽ (27) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

