വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പോരിൽ; കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ നടപടിയില്ല
text_fieldsവെള്ളിയാഴ്ച ആലുവ ബാങ്ക് കവല - മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു
ആലുവ: വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പടലപ്പിണക്കം മൂലം ആലുവയിലെ പൈപ്പുകൾ മാറ്റാൻ നടപടിയില്ല. റോഡ് കുഴിക്കാൻ പൊതുമരാമത്ത് അധികൃതർ അനുവാദം നൽകാത്തതാണ് പൈപ്പുകൾ മാറ്റാൻ കാലതാമസമെന്നാണ് വാട്ടർ അതോറിറ്റി അധികാരികൾ പറയുന്നത്. നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകൾ ഭൂരിഭാഗവും കാലഹരണപ്പെട്ടവയാണ്. ഏഴ് നൂറ്റാണ്ടോളം പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണ് ഇവയിലധികവും. ഇതാണ് അടിക്കടി പൈപ്പുകൾ പൊട്ടുന്നതിന് ഇടയാക്കുന്നത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്.
ബാങ്ക് കവല മുതൽ പുളിഞ്ചോട് കവല ചുറ്റി തൈനോത്ത് വരെ നീളുന്ന പൈപ്പാണ് വെള്ളിയാഴ്ച പൊട്ടിയത്. നഗരത്തിലെ ദീർഘമായതും പ്രാധാന്യമേറിയതുമായ പൈപ്പാണിത്. രണ്ട് കിലോമീറ്ററോളം നീളുന്ന പൈപ്പ് ലൈനിൽ പല ഭാഗത്തും പൊട്ടൽ പതിവാണ്. ബാങ്ക് കവലക്കും ബസ് സ്റ്റാൻഡിനും ഇടയിലുള്ള ചുരുങ്ങിയ ദൂരപരിധിയിൽ മാത്രം പതിവായി എട്ടോളം ഭാഗങ്ങളിൽ പൈപ്പ് പൊട്ടാറുണ്ട്. ഇത്തരത്തിൽ കാലാഹരണപ്പെട്ട ഭൂഗർഭ കുടിവെള്ള ജലവിതരണ പൈപ്പുകൾ പൊട്ടി ആലുവ ടൗണിൽ ജനങ്ങൾക്ക് കുടിവെള്ളം മുട്ടുന്നത് പതിവാണ്.
വർഷങ്ങൾക്ക് മുമ്പ് പൗരാവകാശ സംരക്ഷണ സമിതി മനുഷ്യാവകാശ കമീഷനിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയുംവേഗം ആലുവയിലെ കാലഹരണപ്പെട്ട മുഴുവൻ പൈപ്പുകളും മാറ്റാമെന്നാണ് വാട്ടർ അതോറിറ്റി അന്ന് ഉറപ്പ് നൽകിയത്. എന്നാൽ, വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പടലപ്പിണക്കം മൂലം പദ്ധതി പൂർത്തിയാക്കാൻ പറ്റിയിട്ടില്ല.
പൈപ്പ് പൊട്ടി; മണിക്കൂറുകളോളം കുടിവെള്ളം പാഴായി
ആലുവ: ബാങ്ക് കവല - മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായി. ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് റോഡിലൂടെ കാനയിലേക്ക് ഒഴുകിയത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് തറയിൽ കോംപ്ലക്സിന് മുമ്പിൽ പൈപ്പ് പൊട്ടിയത്. ആറ് ഇഞ്ചിന്റെ ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. 70 വർഷത്തോളം പഴക്കമുള്ള പൈപ്പാണിത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിലൂടെ വലിയ തോതിൽ വെള്ളം ഒഴുകുകയായിരുന്നു. തറയിൽ കോംപ്ലക്സിലെ കടകൾക്ക് മുമ്പിൽ വെള്ളവും ചളിയും അടിഞ്ഞു.
കൗൺസിലർ സിജു തറയിൽ അടക്കമുള്ളവർ പുലർച്ച മുതൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, കുടിവെള്ളം പാഴാകാതിരിക്കാൻ വാൽവ് അടക്കാനുള്ള ജീവനക്കാരെത്തിയത് ആറോടെയാണ്. റോഡിൽ വെള്ളം നിറഞ്ഞതിനാൽ ഇവർക്ക് വാൽവ് കണ്ടെത്താനുമായില്ല. എട്ട് മണിയോടെ പൈപ്പ് നന്നാക്കാൻ കരാറുകാർ എത്തിയശേഷമാണ് വാൽവ് അടക്കാനായത്. ഏറെ പണിയെടുത്ത് വൈകുന്നേരത്തോടെയാണ് പൊട്ടിയ പൈപ്പ് നന്നാക്കിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഈ ഭാഗങ്ങളിലെ കൂടുതൽ വീടുകളും. ഇത്തരക്കാരാണ് ദുരിതത്തിലായത്. ഹോട്ടൽ, കൂൾ ഡ്രിങ്സ് വ്യാപാരികളും ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

