യാചകരുടെയും നാടോടികളുടെയും മറവിൽ ആലുവ ടൗണിൽ കുറ്റവാളികൾ
text_fieldsആലുവ: ടൗണിൽ യാചകരുടെയും നാടോടികളുടെയും മറവിൽ കുറ്റവാളികൾ ചേക്കേറുന്നു. ബൈപാസ് മേൽപാലത്തിനുകീഴിൽ അധിവസിക്കുന്ന സാമൂഹികദ്രോഹികളാണ് പലപ്പോഴും അക്രമകാരികളായി മാറുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും അടിെപ്പട്ട കുറ്റവാളികൾ പിടിച്ചുപറിയും വാഹനങ്ങളിൽനിന്നും മറ്റും മോഷണങ്ങളും നടത്തുന്നുണ്ട്. ഭിക്ഷയെന്ന പേരിൽ കടകളിൽ നിന്ന് നിർബന്ധിത പണപ്പിരിവിന് ശ്രമിക്കുന്നത് ആലുവയിൽ അക്രമത്തിൽ കലാശിക്കാറുണ്ട്.
വ്യാപാര സ്ഥാപനങ്ങളിലടക്കമുണ്ടാകാറുള്ള മോഷണങ്ങളുടെ പിന്നിൽ ഇത്തരക്കാരാെണന്നും വ്യാപാരികൾ സംശയിക്കുന്നു. ബസ് സ്റ്റാൻഡ് സാമൂഹികവിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലായിട്ട് കാലങ്ങളായി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നഗരസുരക്ഷയുടെ കാര്യത്തിൽ നഗരസഭ അധികൃതരും അനാസ്ഥ തുടരുകയാണ്. മാർക്കറ്റ് പരിസരം, അടിപ്പാത, ബസ്സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ കവർച്ചയും മോഷണവും പതിവാണ്. റെയിൽവേ സ്റ്റേഷൻ മുതൽ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങളിലും പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്തും അനാശാസ്യ പ്രവർത്തകരും താവളമാക്കിയിട്ടുണ്ട്. പട്ടാപ്പകലും അത്തരക്കാർ ഇവിടെ തമ്പടിക്കുകയാണ്. ഏതാനും ലോഡ്ജുകാരാണ് ഇവരെ സംരക്ഷിക്കുന്നതെന്ന് പരാതിയുണ്ട്.

